ട്രംപ് എത്തുംമുൻപ് കൊറിയൻ പെനിൻസുലയിൽ യുഎസ് ബോംബറുകൾ

സോൾ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുന്നതിനു മുന്നോടിയായി കൊറിയൻ ഉപഭൂഖണ്ഡത്തിനുമേൽ (കൊറിയൻ പെനിൻസുല) രണ്ട് യുഎസ് ബി–1ബി ബോംബർ വിമാനങ്ങൾ പറന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോർവിമാനങ്ങളും യുഎസ് വിമാനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നു യുഎസ് പസഫിക് എയർ ഫോഴ്സിന്റെ (പിഎസിഎഎഫ്) വാർത്താക്കുറിപ്പ് ഉദ്ധരിച്ച് എഫെ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഉപഭൂഖണ്ഡത്തിനു സമീപം ബോംബർ വിമാനങ്ങൾ പറന്നതിനെ ഉത്തര കൊറിയ വിമർശിച്ചു. ഈ മാസം അഞ്ചു മുതൽ 14 വരെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലുള്ള ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽനിന്നു പറന്നുയർന്ന ബോംബർ വിമാനങ്ങൾ കൊറിയയുടെ തെക്കും ജപ്പാന്റെ പടിഞ്ഞാറുമായി സൈനിക പ്രകടനം നടത്തി. പിന്നീടു കൊറിയയുടെ വ്യോമാതിർത്തിയിൽ മഞ്ഞക്കടൽ മേഖലയിൽ കൊറിയൻ പോർ വിമാനങ്ങളുമായി പരിശീലനം നടത്തി തിരികെയെത്തിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തേ തീരുമാനിച്ച ഉഭയകക്ഷി പരിശീലനത്തിന്റെ ഭാഗമായ ദൗത്യമായിരുന്നുവെന്നും ഇപ്പോഴുള്ള സംഭവ വികാസങ്ങളുമായി കൂട്ടിച്ചേർക്കേണ്ടെന്നും വിശദീകരണമുണ്ട്. അതേസമയം, ഗുണ്ടാസംഘങ്ങളെപ്പോലെ പെരുമാറുന്ന യുഎസ്, ആണവ ശക്തിയായ ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു. ആണവ യുദ്ധമുണ്ടാക്കാൻ യുഎസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും കെസിഎൻഎ കുറ്റപ്പെടുത്തി. ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ പൂർണമായും നശിപ്പിക്കുമെന്ന ട്രംപിന്റെ വെല്ലുവിളികളെ ഉത്തര കൊറിയ നിസ്സാരമായാണ് എടുത്തിരിക്കുന്നത്.