‘പദ്മാവതി’ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് റാണിയുടെ പിന്തുടർച്ചക്കാർ

മേവാർ (രാജസ്ഥാൻ)∙ സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവതി’ക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാർ രാജവംശം രംഗത്തെത്തി. തന്റെ പിതാമഹൻമാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബൻസാലി ചിത്രീകരിച്ചിരിക്കുന്നതെന്നു റാണി പദ്മാവതിയുടെ പിന്തുടർച്ചക്കാരൻ എം.കെ. വിശ്വരാജ് സിങ് വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശ്വരാജ് സിങ് കത്തയച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ എന്നിവരെയും കത്ത് അഭിസംബോധന ചെയ്തിട്ടുണ്ട്.

വാണിജ്യ വിജയത്തിനായി തന്റെ കുടുംബത്തിന്റെ പേരും ചരിത്രവും തെറ്റായ രീതിയിലാണു ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നു വിശ്വരാജ് വ്യക്തമാക്കി. ഇതു വ്യക്തിപരമായും വെറുപ്പുളവാക്കുന്നതാണ്. ചിത്രത്തിനായി യഥാർഥ വസ്തുതകൾ എന്തെന്നു ബൻസാലി അന്വേഷിച്ചിട്ടില്ല. കുടുംബത്തിന്റെ പേര് ഉപയോഗിക്കുന്നതിന് അനുവാദവും വാങ്ങിയിട്ടില്ല. രാജ്യത്തിന്റെ ചരിത്രവും പൗരന്മാരുടെ യശസ്സും സംരക്ഷിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പാരമ്പര്യത്തിനു മികച്ച സംഭാവന ചെയ്തിട്ടുള്ളവരെ മോശമായി ചിത്രീകരിക്കാൻ അനുമതി ലഭിക്കുന്ന അവസ്ഥ ദയനീയമാണ്.

സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിൽനിന്നാണ് പദ്മാവതിയെന്ന സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണ് ബൻസാലിയുടെ പക്ഷം. എന്നാൽ അതു ചരിത്രപരമായി കൃത്യതയില്ലാത്തതാണെന്നും വിശ്വരാജ് സിങ് വ്യക്തമാക്കി.

അതിനിടെ, ചിത്രത്തിന്റെ റിലീസിനെതിരെ ജയ്പുർ രാജകുടുംബാംഗം ദിയാ കുമാരി ഒപ്പു ശേഖരണ പ്രചാരണം നടത്തി. ജയ്പുരിൽവച്ചായിരുന്നു പ്രതിഷേധം. കുടുതൽ രാജകുടുംബാംഗങ്ങളും പദ്മാവതിക്കെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.