ബ്രെക്സിറ്റ് ഉടമ്പടി: പാർലമെന്റിന്റെ അനുമതി നേടുമെന്ന് ബ്രിട്ടൻ

ലണ്ടൻ∙ യൂറോപ്യൻ യൂണിയനുമായി രണ്ടുവർഷം നീളുന്ന ചർച്ചകൾക്കൊടുവിൽ ഉരുത്തിരിയുന്ന ബ്രെക്സിറ്റ് ഉടമ്പടി സ്വീകരിക്കണമോ വേണ്ടയോ എന്ന് ബ്രിട്ടിഷ് പാർലമെന്റ് തീരുമാനിക്കും. ഉടമ്പടി വ്യവസ്ഥകൾ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാർലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് തിങ്കളാഴ്ച പാർലമെന്റിൽ വ്യക്തമാക്കി.

ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഹിതപരിശോധനാഫലം  മാനിച്ച് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന സർക്കാരിന്റെ മുൻ നിലപാടിൽനിന്നുള്ള പിന്നോട്ടുപോക്കാണിത്. സർക്കാരിന്റെ പുതിയ തീരുമാനത്തെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി സ്വാഗതം ചെയ്തു. എന്നാൽ അന്തിമ ഉടമ്പടി പാർലമെന്റിൽ അവതരിപ്പിക്കാതെ ഇതിന്മേൽ വീണ്ടുമൊരു ഹിതപരിശോധന തന്നെ നടത്തണമെന്നാണു ബ്രെക്സിറ്റിനെ തുറന്നെതിർക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാട്.

കൺസർവേറ്റീവ് പാർട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലികളുടെ എതിർപ്പ് അവഗണിച്ചാണ് അന്തിമകരാർ പാർലമെന്റിന്റെ അനുമതിക്കായി സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പാർലമെന്റിന്റെ അനുമതിക്കായി സമർപ്പിക്കുന്ന ബ്രെക്സിറ്റ് ബില്ലിൽ പൗരാവകാശങ്ങളും സാമ്പത്തിക ബാധ്യതയും നേട്ടങ്ങളും മറ്റ് മാറ്റങ്ങളുമെല്ലാം കൃത്യമായി വ്യക്തമാകും.

ബ്രെക്സിറ്റ് ചർച്ചകൾ ആറുവട്ടം പൂർത്തിയായിട്ടും നിർണായക വിഷയങ്ങളിൽ തീരുമാനത്തിലെത്താൻ ഇരുകൂട്ടർക്കും ഇനിയുമായിട്ടില്ല. ഇതിനിടെ ഇരുകൂട്ടരും പ്രസ്താവനകളും അവകാശവാദങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇരുകൂട്ടരും ആശങ്കാകുലരാണ്. ഇതുതന്നെയാണ് അന്തിമതീരുമാനത്തിനു മുമ്പ് പാർലമെന്റിന്റെ അനുമതി തേടാൻ ബ്രിട്ടിഷ് സർക്കാരിനെ പ്രേരിപ്പിക്കുന്നതും.