നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.നിർമലൻ കീഴടങ്ങി

ചെന്നൈ∙ പാറശ്ശാലയിലെ നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാങ്ക് ഉടമ കെ.നിർമലൻ കീഴടങ്ങി. രണ്ട് മാസത്തിലേറെയായി ഒളിവിലായിരുന്ന നിർമലൻ തമിഴ്നാട് മധുരയിലെ പ്രത്യേക കോടതിയിലാണു കീഴടങ്ങിയത്. 29 വരെ കോടതി റിമാൻഡ് ചെയ്ത നിർമലനെ മധുര സെൻട്രൽ ജയിലിലേക്കു മാറ്റി. 

ആറായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുനൂറ് കോടിയിലേറെ രൂപ തട്ടിയെന്നു രേഖാമൂലം പരാതിയുള്ള വൻതട്ടിപ്പിലെ ഒന്നാം പ്രതിയാണ് നിർമലൻ. സെപ്റ്റംബർ ഏഴിന് പാറശ്ശാലയിലുള്ള ബാങ്ക് പൂട്ടി നിർമലനടക്കമുള്ളവർ ഒളിവിൽ പോയതോടെയാണു വഞ്ചിക്കപ്പെട്ടതായി നിക്ഷേപകർ തിരിച്ചറിഞ്ഞതും കേസ് കൊടുക്കുന്നതും. തമിഴ്നാട് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേരളത്തിലെ കൈംബ്രാഞ്ചും രണ്ട് മാസമായി തിരയുന്നതിനിടെയാണ് അഭിഭാഷകനൊപ്പമെത്തി നിർമലൻ കീഴടങ്ങിയത്.

നിർമലന്റെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്കു മടക്കി നൽകാൻ തയാറാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണു തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശ്രമിക്കുന്നത്. നിർമലനെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ ആഴവും പണം ചെലവഴിച്ച വഴിയും വ്യക്തമാകൂ. നിർമലന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി കോടതി വഴിയും തുടങ്ങിയിട്ടുണ്ട്. അതിന്റെ പൂർത്തീകരണത്തിനും നിർമലന്റെ മൊഴി അത്യാവശ്യമാണ്.