ഗുജറാത്തിൽ സ്ഥാനാർഥി പ്രഖ്യാപനമായില്ല; സീറ്റ് സുരക്ഷിതമാക്കാൻ ഭാര്യ ‘‍ഡമ്മി’

അഹമ്മദാബാദ്∙ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കാത്തതിൽ ഗുജറാത്ത് ബിജെപിയിൽ ആശങ്ക ഉടലെടുക്കുന്നു. പല സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതു പിരിമുറുക്കം കൂട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിയും പോർബന്ദർ എംഎൽഎയുമായ ബാബു ബോഖിരിയ ഭാര്യ ജ്യോതിബെന്നിനെക്കൊണ്ടു നാമനിര്‍ദേശ പത്രിക നൽകിപ്പിച്ചു. സീറ്റ് കൈവിട്ടുപോകാതിരിക്കാൻ ‘ഡമ്മി സ്ഥാനാർഥി’യായാണു ഭാര്യയെ നിർത്തിയിരിക്കുന്നത്.

അതേസമയം, പോർബന്ദറിലേക്കുള്ള സ്ഥാനാര്‍ഥിയെ പാർട്ടി പ്രഖ്യാപിച്ചു കഴിയുമ്പോൾ തന്റെ ഭാര്യ പത്രിക പിൻവലിക്കുമെന്നു ഫിഷറീസ്, മൃഗ സംരക്ഷണ വകുപ്പ് മന്ത്രികൂടിയായ ബാബു ബൊഖിരിയ അറിയിച്ചു. അവസാന നിമിഷത്തെ ആശയക്കുഴപ്പത്തിൽ പ്രശ്നങ്ങളൊന്നും സംഭവിച്ചു സീറ്റ് നഷ്ടപ്പെടാതിരിക്കാനാണു ഭാര്യ പത്രിക നൽകിയത്. പാർട്ടി നിർ‍ദേശപ്രകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പോർബന്ദറിൽനിന്നു ബൊഖിരിയ തന്നെയാണോ ബിജെപി സ്ഥാനാർഥിയായി മൽസരിക്കുകയെന്ന ചോദ്യത്തോടു പാർട്ടി നിർദേശം അനുസരിച്ചാണു ഭാര്യ ഡമ്മി പത്രിക നൽകിയതെന്ന മറുപടി മാത്രമാണ് അദ്ദേഹം നൽകിയത്. ആരോഗ്യകാരണങ്ങളാൽ അഹമ്മദാബാദിലേക്കു പോകേണ്ടതുകൊണ്ടാണു പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപേ ഭാര്യ പത്രിക നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള മൂന്നാം ദിവസമായ വ്യാഴാഴ്ചയാണു ജ്യോതിബെൻ ‍ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയതെന്നു പോർബന്ദർ കലക്ടറേറ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു.

രണ്ടു ഘട്ടമായാണു ഗുജറാത്തിലെ തിരഞ്ഞെടുപ്പു നടത്തുക. ഡിസംബർ ഒൻപതിനും 14നും. വോട്ടെണ്ണൽ ഡിസംബർ 18നാണ്. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പത്രികാ സമർപ്പണത്തിന്റെ അവസാന തീയതി ഈ മാസം 21 ആണ്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ ധാരണയിൽ എത്തിയതായാണ് സൂചന.