തോമസ് ചാണ്ടിയുടെ രാജി: ‘ഖ്യാതി’യിൽ ഉടക്കി സിപിഎം – സിപിഐ പോര്

തിരുവനന്തപുരം∙ തോമസ് ചാണ്ടിയുടെ രാജി പ്രശ്നത്തിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. പിബി യോഗത്തിനു പിന്നാലെ വാർത്താ സമ്മേളനത്തിലാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തോമസ് ചാണ്ടി രാജിവച്ചതിന്റെ ഖ്യാതി തട്ടിയെടുക്കാനാണു സിപിഐ ശ്രമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിൽ പാർട്ടിയുടെ നിലപാട് അറിയിക്കാൻ സിപിഎം പിബി യോഗം കോടിയേരിയെയാണു ചുമതലപ്പെടുത്തിയിരുന്നത്.

കോടിയേരിയുടെ വാർത്താ സമ്മേളനത്തിൽനിന്ന്:

∙ മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ ശത്രുപക്ഷത്തുള്ളവർക്കു ആഹ്ലാദിക്കാൻ അവസരമൊരുക്കി
∙ സോളർ കേസിൽനിന്നു തലയൂരാൻ ശ്രമിക്കുന്ന കോൺഗ്രസിന് ആയുധം നൽകി
∙ തങ്ങളുടെ നിലപാടു മൂലമാണു തോമസ് ചാണ്ടി രാജിവച്ചത് എന്ന ഖ്യാതി തട്ടിയെടുക്കാൻ ശ്രമിച്ചു
∙ മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയല്ല
∙ മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ വിട്ടുനിന്നത് അപക്വമായ നടപടിയാണ്
∙ സിപിഐ നടപടി മുന്നണി മര്യാദയ്ക്കു ചേർന്നതല്ല
∙ കയ്യടികൾ സ്വന്തമാക്കുകയും വിമർശനങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നതു ശരിയല്ല
∙ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു തലേന്നുതന്നെ സിപിഐയ്ക്ക് ഉറപ്പു നൽകിയിരുന്നു. എന്നിട്ടും അവർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചു.
∙ തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധിയില്ല. എന്നാൽ എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടും.

കോടിയേരിക്ക് മറുപടിയുമായി സിപിഐ
കോടിയേരി ബാലകൃഷ്ണന്റെ വിമർശനങ്ങൾക്കു പിന്നാലെ മറുപടിയുമായി സിപിഐയും രംഗത്തെത്തി. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവാണു മാധ്യമങ്ങളെ കണ്ടത്.

പ്രകാശ് ബാബുവിന്റെ മറുപടി ഇങ്ങനെ:

∙ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു തലേന്ന് അറിയിച്ചെന്ന സിപിഎം വാദം തെറ്റ്
∙ ചാണ്ടിയുണ്ടെങ്കിൽ സിപിഐ മന്ത്രിമാർ യോഗത്തിനെത്തില്ലെന്നു തലേന്നുതന്നെ സിപിഎമ്മിനു സൂചന നൽകിയിരുന്നു
∙ തോമസ് ചാണ്ടി രാജിവച്ചതിന്റെ ഖ്യാതി സിപിഐക്കു വേണ്ട
∙ ചാണ്ടിയെ നിലനിർത്തിയതാണു രാഷ്ട്രീയ ശത്രുക്കൾക്കു സഹായകരമായത്