ലഹരി കടത്ത്: പാക്ക്– പഞ്ചാബ് അതിർത്തിയിൽ ‘ചോരക്കളി’യുമായി സൈന്യം

പഞ്ചാബ്–പാക് അതിർത്തി വഴി കടത്താൻ ശ്രമിച്ച ഹെറോയിൻ ബിഎസ്എഫ് പിടിച്ചെടുത്തപ്പോൾ (ഫയൽ ചിത്രം)

അമൃത്‌സർ∙ പാക്കിസ്ഥാൻ- പ‍ഞ്ചാബ് അതിർത്തിയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരെ ‘ചോരക്കളി’യുമായി സർക്കാരും സൈന്യവും. അതിർത്തിയിലൂടെ 22 കിലോ ലഹരിമരുന്ന് കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേനയും (ബിഎസ്എഫ്) പൊലീസും തകർത്തു. ലഹരിമരുന്നു മാഫിയയിലെ അംഗങ്ങൾക്ക് ആക്രമണത്തിൽ വെടിയേറ്റതായാണു വിവരം.

ഫിറോസ്പുർ സെക്ടറിൽ ബിഎസ്എഫിന്റെ സത്പൽ പോസ്റ്റിനു സമീപം ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. അതിർത്തിയിലേക്കു ചോരപ്പാടുകൾ പിന്തുടർന്ന് സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയതിനു പിന്നാലെ പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെ തുടച്ചു നീക്കുമെന്നു മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു.

പാക്ക്– പഞ്ചാബ് അതിർത്തിയിൽ ലഹരിമരുന്ന് കടത്തു തടയാൻ വൻ സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽത്തന്നെ നേരിട്ടുള്ള ആക്രമണങ്ങൾ കുറവാണ്. എന്നാൽ ലഹരിമരുന്നു കടത്തിനെപ്പറ്റി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇത്തവണ പൊലീസും സൈന്യവും പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

ലഹരികടത്തു സംഘത്തിൽ ഉൾപ്പെട്ടവർ ഓടി രക്ഷപ്പെട്ടെങ്കിലും ഇവർക്ക് വെടിയേറ്റിട്ടുണ്ടെന്നാണു നിഗമനം. ബിഎസ്എഫിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത 22 കിലോ ലഹരിമരുന്ന് ഹെറോയിൻ ആണെന്നാണു കരുതുന്നത്. 11 പായ്ക്കറ്റുകളിലായി ഓരോ കിലോഗ്രാം വീതമായിരുന്നു കടത്തിയത്.

തുർക്കി നിർമിത പിസ്റ്റളും 11 വെടിയുണ്ടകളും 12 അടി നീളമുള്ള പ്ലാസ്റ്റിക് പൈപ്പും പിടിച്ചെടുത്തവയിൽ പെടുന്നു. അതിർത്തിവേലിയ്ക്കപ്പുറത്തു നിന്ന് നീളൻ പ്ലാസ്റ്റിക് പൈപ്പുകളിലൂടെയാണ് ലഹരിമരുന്ന് പായ്ക്കറ്റുകൾ കടത്തിവിടുന്നത്.

553 കിലോമീറ്റര്‍ വരുന്ന പഞ്ചാബ്– പാക്ക് അതിർത്തി ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ‌ നിന്നുള്ള ലഹരിമരുന്നു മാഫിയയുടെ പ്രധാന ‘ഇടനാഴി’യാണ്. ഇന്ത്യയിലേക്ക് വൻതോതിലാണ് ഇതുവഴി ലഹരിമരുന്നു കടത്തുന്നത്.

അതിർത്തിയിൽ 518 കി.മീ. വരുന്ന കരപ്രദേശത്ത് ഡ്രോണുകൾ വഴി സ്ഥിരം നിരീക്ഷണമുണ്ട്. ആരെങ്കിലും അതിക്രമിച്ചു കടന്നാൽ‌ വിവരം നൽകുന്ന ലേസർ ‘ഭിത്തികൾ’, തെർമൽ ഇമേജറുകൾ എന്നിവയും ഉണ്ട്. ഒപ്പം സൈനികരുടെ കാവലും.

അതിർത്തിയിൽ 33 കി.മീ. ഭാഗത്ത് സത്‌ലജ്, രവി നദികളാണ്. ഇതുവഴി സ്കൂബ ഡൈവർമാരെ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നൂറുകണക്കിനു കോടി രൂപ വിലവരുന്ന ലഹരിമരുന്നാണ് പഞ്ചാബ്– പാക്ക് അതിർത്തിയിൽ നിന്നു മാത്രം പിടിച്ചത്.