17 വർഷത്തിനു ശേഷം ഇന്ത്യക്ക് ലോകസുന്ദരിപ്പട്ടം; സ്വപ്നകിരീട നേട്ടവുമായി മാനുഷി ചില്ലർ

ലോകസുന്ദരിപ്പട്ടം നേടി മാനുഷി ചില്ലർ (ട്വിറ്റർ ചിത്രം)

സാന്യ സിറ്റി (ചൈന)∙ പതിനേഴു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്.

ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

മിസ് മെക്സിക്കോ ആൻഡ്രിയ മിസയാണ് സെക്കൻഡ് റണ്ണറപ്പ്. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം. 

ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.