വ്യാപക പ്രതിഷേധം: ബോളിവുഡ് സിനിമ പത്മാവതിയുടെ റിലീസ് മാറ്റി

പത്മാവതി സിനിമയ്ക്കെതിരെ കർണിസേന നടത്തിയ പ്രതിഷേധത്തിൽനിന്ന്

മുംബൈ∙ സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. സിനിമ ചരിത്രം വളച്ചൊടിച്ചുള്ളതാണെന്നും റാണി പത്മാവതിയുടെ ജീവിതകഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തിയുള്ളതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

‘പത്മാവതി’ സിനിമയ്ക്കെതിരെ രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രാജ്പുത് കർണിസേന അറിയിച്ചിരുന്നു. ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ചരിത്രത്തിൽ ഇങ്ങനെ

ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി 1303ൽ മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിങ്ങിന്റെ ആസ്ഥാനമായ ചിത്തോസ് കോട്ട വളയുകയും ചെയ്തു. പിടിക്കപ്പെടുമെന്നായപ്പോൾ രാജപത്നി റാണി പത്മിനിയടക്കം കോട്ടയിലെ സ്ത്രീകളെല്ലാവരും തീയിൽ ചാടി ജീവനൊടുക്കുകയും പുരുഷന്മാർ എല്ലാവരും ഖിൽജിയോട് ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്തു എന്നുള്ള ചരിത്രം രജപുത്രന്മാർ തങ്ങളുടെ പൈതൃകമായി കൊണ്ടാടുന്നതാണ്. ഇതിനെ അടിസ്ഥാനമാക്കി 1540ൽ സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധ് ഭാഷയിൽ ‘പത്മാവത്’ എന്ന ഇതിഹാസകാവ്യം രചിച്ചു. അതീവ സുന്ദരിയെന്നു പുകൾപെ‌റ്റ റാണിയെ സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഖിൽജിയുടെ ആക്രമണമെന്നു ‘പത്മാവത്’ പറയുന്നു.

റാണിക്കു സുൽത്താനോടു പ്രണയം ഉണ്ടായിരുന്നുവെന്നും റാണി കാണുന്ന സ്വപ്നത്തിന്റെ ഭാഗമായി ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് രാജ്പുത് കർണി സേന പ്രതിഷേധകോലാഹലം ഇളക്കിവിട്ടിരിക്കുന്നത്. ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവർ പറയുന്നു.

പത്മാവതി

ഭാഷ: ഹിന്ദി, രാജസ്ഥാനി

സംവിധാനം: സഞ്ജയ് ലീല ബൻസാലി

താരങ്ങൾ: 

ദീപിക പദുക്കോൺ (റാണി പത്മാവതി)

ഷാഹിദ് കപൂർ (റാവൽ രത്തൻ സിങ്)

രൺവീർ സിങ് (സുൽത്താൻ അലാവുദ്ദീൻ ഖിൽജി)

റിലീസ് തീയതി: 2017 ഡിസംബർ 1

ചെലവ്: 190 കോടി