മുഗാബെയുടെ വഴിയടഞ്ഞു; പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കി

ഹരാരെ∙ സിംബാബ്‌വെയിലെ അട്ടിമറി നാടകത്തിനു വഴിത്തിരിവ്. പട്ടാളം വീട്ടുതടങ്കലിലാക്കിയിട്ടും പ്രസിഡന്റ് പദം ഒഴിയാൻ വിസമ്മതിച്ച റോബർട്ട് മുഗാബെയെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കി. 37 വര്‍ഷം നീണ്ട ‘മുഗാബെ യുഗ’ത്തിനാണ് സനു പിഎഫ് പാർട്ടി അന്ത്യം കുറിച്ചത്. മുൻ വൈസ് പ്രസിഡന്റ് എമേഴ്സൻ നൻഗാഗ്വയാണു പാർട്ടിയുടെ പുതിയ നേതാവ്.

പാർട്ടി വനിതാവിഭാഗം അധ്യക്ഷപദവിയിൽനിന്നു മുഗാബെയുടെ ഭാര്യ ഗ്രേസിനെയും പുറത്താക്കി. മുഗാബെയെ ചൊവ്വാഴ്ച മുതല്‍ സൈന്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വൈസ് പ്രസിഡന്റ് എമേഴ്സന്‍ നന്‍ഗാഗ്വയെ പ്രസിഡന്റ് മുഗാബെ പുറത്താക്കിയതോടെയാണു ഭരണപ്രതിസന്ധി ഉടലെടുത്തത്.

വിശ്വാസവഞ്ചനക്കുറ്റം ആരോപിച്ചാണ് 75കാരനായ നന്‍ഗാഗ്വയെ പുറത്താക്കിയത്. നൻഗാഗ്വയ്ക്കു പകരം ഭാര്യ ഗ്രേസിനെ അധികാര കേന്ദ്രത്തിലേക്കു കൊണ്ടുവന്ന് തനിക്കുശേഷം പ്രസിഡന്റാക്കാൻ മുഗാബെ ശ്രമം നടത്തിയിരുന്നു. മുഗാബെയുടെ ഓഫിസിൽ സെക്രട്ടറിയായി വന്ന്, ഒടുവിൽ പ്രഥമവനിതയായ വ്യക്തിയാണ് 52കാരി ഗ്രേസ് മുഗാബെ.

അതിനിടെ, 37 വർഷമായി അധികാരക്കസേരയിൽ തുടരുന്ന തൊണ്ണൂറ്റിമൂന്നുകാരനെ പുറത്താക്കുന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. മുഗാബെയെ വീട്ടുതടങ്കലിലാക്കിയതിനെ അനുകൂലിച്ച്‌ വലിയ പ്രകടനങ്ങൾ രാജ്യത്തെമ്പാടും നടന്നു. ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്കും പ്രതിഷേധക്കാര്‍ പ്രകടനമായെത്തി. ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരിയാണ് മുഗാബെ. 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ സിംബാബ്‍വെയുടെ പ്രസിഡന്റാണ്.