മാനുഷിയുടെ ലോകസുന്ദരി കിരീടം കേന്ദ്രസർക്കാരിന്റെ വിജയം: ബിജെപി മന്ത്രി

ചണ്ഡിഗഡ്∙ ഹരിയാനക്കാരി മാനുഷി ഛില്ലർ ലോകസുന്ദരി കിരീടം ചൂടിയതിൽ അവകാശവാദവുമായി ബിജെപി. കേന്ദ്രസർക്കാരിന്റെ സ്ത്രീമുന്നേറ്റ പ്രചാരണത്തിന്റെ വിജയമാണിതെന്നു ഹരിയാനയിലെ വനിതാ, ശിശുക്ഷേമ മന്ത്രി കവിത ജെയിൻ പറഞ്ഞു.

‘ കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണു മാനുഷിയുടെ വിജയം. സംസ്ഥാനത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണിത്’– കവിത ജെയിൻ അഭിപ്രായപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ള മന്ത്രിമാരും മാനുഷിയുടെ നേട്ടത്തിൽ അഭിനന്ദനങ്ങള്‍ അറിയിച്ചു.

‘പ്രിയങ്ക ചോപ്രയ്ക്കു ശേഷം മറ്റൊരു ഹരിയാനക്കാരി സുന്ദരിപ്പട്ടം നേടിയത് രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ്’– ഖട്ടർ പറഞ്ഞു. ‘എല്ലാ മേഖലയിലും ഹരിയാനയിലെ പെൺകുട്ടികൾ മികച്ചവരാണെന്നാണ് ഇതു തെളിയിക്കുന്നത്’– ധനകാര്യമന്ത്രി ക്യാപ്റ്റൻ അഭിമന്യു പറഞ്ഞു. ഹരിയാനയിൽ റോത്തക്കിനടുത്തുള്ള ബംനോളിയാണ് മാനുഷിയുടെ ജന്മഗ്രാമം.

ലോകസുന്ദരി കിരീടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണു മാനുഷി. മുൻ ലോകസുന്ദരിയും ബോളിവുഡ് – ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും ഹരിയാനക്കാരിയാണ്. എംബിബിഎസ് വിദ്യാർഥിനിയാണ് മാനുഷി. 108 സുന്ദരിമാരെ പിന്തള്ളിയാണ് ചൈനയിൽ നടന്ന മത്സരത്തിൽ മാനുഷി അഭിമാനനേട്ടം കൈവരിച്ചത്.