പാക്ക് ചിത്രം സാവനും ഒഴിവാക്കി; ഗോവ ചലച്ചിത്ര മേളയ്ക്കു തുടക്കം

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ്. ചിത്രത്തിനു കടപ്പാട്: ട്വിറ്റർ പിഐബി

പനജി∙ വിവാദങ്ങളുടെ വെള്ളിവെളിച്ചത്തിൽ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. ബോളിവുഡ് സൂപ്പര്‍സ്റ്റാർ ഷാരൂഖ് ഖാന്‍ വിശിഷ്ടാതിഥിയായി. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' ആയിരുന്നു ഉദ്ഘാടന ചിത്രം.

സനൽകുമാർ ശശിധരന്റെ എസ് ദുർഗ, മറാത്തി ചിത്രം ന്യൂഡ് എന്നിവയ്ക്കു പിന്നാലെ പാക്കിസ്ഥാനി ചിത്രം സാവൻ കൂടി ഒഴിവാക്കിയാണ് മേള ആരംഭിച്ചത്. പാക്കിസ്ഥാന്റെ 2018ലെ ഓസ്കാർ എൻട്രിയായ സാവൻ ലോകസിനിമാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഷെഡ്യൂൾ പരിമിതി കാരണം ചിത്രം ഉപേക്ഷിക്കുയാണെന്ന അറിയിപ്പാണു കിട്ടിയതെന്നും നിരാശ തോന്നതായും സംവിധായകൻ ഫർഹാൻ ആലം പ്രതികരിച്ചു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് കഥാച്ചിത്ര വിഭാഗത്തിലുണ്ട്. ഇന്റര്‍കട്സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെജി ജോർജ്, ജി എന്നീ മലയാള ചിത്രങ്ങള്‍ കഥേതര വിഭാഗത്തിലുമുണ്ട്. മത്സര വിഭാഗത്തില്‍ 15, ഇന്ത്യന്‍ പനോരമയിൽ 42, ലോക സിനിമയിൽ 82 ചിത്രങ്ങളുമാണുള്ളത്. കാനഡയില്‍ നിന്നുള്ള എട്ട് ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍. ബ്രിക്സ് മേളയിൽ പുരസ്കാരം നേടിയ 11 ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ശ്രീദേവി, എ.ആര്‍.റഹ്മാന്‍, മജീദ് മജീദി, ഇഷാന്‍ ഖട്ടാർ, മാളവിക മോഹൻ, രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദൂരദര്‍ശനു മാത്രമാണ് ഉദ്ഘാടന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദം.

ജൂറിയുടെ തീരുമാനത്തെ മറികടന്ന് സിനിമകൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് ഉൾപ്പെടെയുള്ളവർ രാജിവച്ചിരുന്നു. മേളയിൽ പ്രതിഷേധ പരിപാടികൾ ഒഴിവാക്കുന്നതിന് പതിവിൽ കൂടുതലായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.