തർക്കം മൂത്തു; ത്രിപുരയിൽ മാധ്യമപ്രവർത്തകനെ ജവാൻ വെടിവച്ചു കൊന്നു

അഗർത്തല∙ തർക്കത്തിനിടെ ത്രിപുരയിൽ മാധ്യമപ്രവർത്തകനെ ജവാൻ വെടിവച്ചു കൊന്നു. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) രണ്ടാം ബറ്റാലിയനിലെ ജവാനാണ് സുദീപ് ഡാട്ടാ ബൗമിക്കിനെ കൊലപ്പെടുത്തിയത്. ടിഎസ്ആർ ഹെഡ്ക്വാട്ടേഴ്സിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സംഭവം.

ബംഗാളി മാധ്യമത്തിൽ ജോലി ചെയ്തിരുന്ന സുദീപ് ഒരു വാർത്തയുമായി ബന്ധപ്പെട്ടാണ് ടിഎസ്ആർ ആസ്ഥാനത്തെത്തിയത്. ടിആർഎസ് കമാൻഡന്റ് തപൻ ഡെബ്ബാർമ വിളിച്ചതനുസരിച്ചാണ് സുദീപ് അവിടെത്തിയതെന്ന് ന്യൂസ് എ‍ഡിറ്റർ അനിമേഷ് ഡട്ട പറഞ്ഞു. അദ്ദേഹത്തെ കണ്ടു തിരിച്ചിറങ്ങിയ സുദീപിനെ ജവാൻ നന്ദു റിയാങ് സമീപിക്കുകയും കമാൻഡന്റിന്റെ മേശപ്പുറത്തുണ്ടായിരുന്ന ഫയലിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. തനിക്കതെപ്പറ്റി അറിയില്ലെന്നു പറഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ റിയാങ് തന്റെ സർവീസ് റിവോൾവറുപയോഗിച്ച് സുദീപിനെതിരെ നിറയൊഴിച്ചു. വെടിയൊച്ച കേട്ട് ഓടിയെത്തിയ കമാൻഡന്റും മറ്റു ജവാന്മാരും സുദീപ് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണു കണ്ടത്. ഉടൻ തന്നെ സുദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നും ഡട്ട പറഞ്ഞു.

പ്രതിയായ ജവാനെ പൊലീസ് അറസ്റ്റു ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം അറിയിക്കാമെന്നും ത്രിപുര മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.