ചെന്നൈയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം; കോളജ് കെട്ടിടത്തിന് തീയിടുന്ന വിഡിയോ പുറത്ത്

ചെന്നൈ ∙ കാഞ്ചീപുരം സത്യഭാമ കൽപിത സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കിയതിനെത്തുടർന്നു രോഷാകുലരായ സഹപാഠികൾ ക്യാംപസ് കെട്ടിടത്തിനു തീവച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ഹോസ്റ്റലിനു തീയിട്ട വിദ്യാർഥികൾ, കെട്ടിടം അടിച്ചു തകർത്തു. തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനയെ പ്രതിഷേധക്കാർ ഏറെ നേരം ഗേറ്റിനു പുറത്ത് നിർത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് സംഭവങ്ങൾക്കു തുടക്കം. ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനി രാഗമൗനികയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകർ പിടികൂടി. തുടർന്നു ഹോസ്റ്റലിലെത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിനി തൂങ്ങിമരിക്കുകയായിരുന്നു.

അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണമെന്നാരോപിച്ചാണു വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. പരീക്ഷയിൽ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സർവകലാശാലാ അധികൃതർ വ്യക്തമാക്കി.