പുതുച്ചേരിയിൽ അമലാ പോളിന്റെ ഒറ്റമുറി വീട്ടിൽ നടത്തിയ പരിശോധന – വിഡിയോ

തിരുവനന്തപുരം∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്യാൻ‌ നടി അമലാ പോൾ നൽകിയതു മൂന്നുനില കെട്ടിടത്തിനു മുകളിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒറ്റമുറിവീടിന്റെ വിലാസം. പുതുച്ചേരി തിലാസ്പേട്ട് സെന്റ് തെരേസാസ് തെരുവിലെ നമ്പർ ആറെന്ന കെട്ടിടത്തിൽ ഗതാഗത വകുപ്പു നടത്തിയ അന്വേഷണത്തിന്റെ വിഡിയോ മനോരമ ഓൺലൈനു ലഭിച്ചു.

ഇതു സംബന്ധിച്ചു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഗതാഗത കമ്മിഷണർക്കു നൽകിയ റിപ്പോർട്ട് ഇങ്ങനെ: കെട്ടിടത്തിന്റെ ഉടമയെന്നു സ്വയം വിശേഷിപ്പിച്ചത് ഉമേഷ് എന്നയാളാണ്. അമലാ പോളിനു മൂന്നാം നിലയിലുള്ള ഒരു മുറി ഒരു വർഷത്തേക്കു വാടകയ്ക്കു നൽകിയിട്ടുണ്ടെന്നാണ് അയാൾ അറിയിച്ചത്. വാടക ഉടമ്പടിയുടെ ഒറിജിനൽ അമലപോളിന്റെ കൈവശം ഉണ്ടെന്നും അതിന്റെ കോപ്പി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കാമെന്നും അറിയിച്ചെങ്കിലും രേഖകൾ ഹാജരാക്കിയില്ല.

അമല പോളിന്റെ മുറി കാണണെന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ അതിനു തയാറായി. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ഉള്ളതും ടെറസിന്റെ പിൻഭാഗത്തായി നിർമിച്ചിരിക്കുന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒറ്റമുറിയാണു കാണിച്ചു തന്നത്.

തുറന്നു കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ താക്കോൽ അമലാ പോളിന്റെ കൈവശമാണെന്നാണു പറഞ്ഞത്. പ്രമുഖ വ്യക്തി താമസിക്കുന്ന മുറിയായി ഇതിനെ കാണാൻ കഴിയില്ല. മുറിയുടെ പരിസരം വൃത്തിഹീനമായിരുന്നു. എന്നാൽ, പുതുച്ചേരി വാഹന റജിസ്റ്ററിങ് അതോറിറ്റി മുൻപാകെ വാഹനം റജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി മേൽവിലാസത്തിനായി നൽകിയ സത്യവാങ്മൂലത്തിൽ അമലാ പോൾ കഴിഞ്ഞ ഒരു വർഷമായി പുതുച്ചേരിയിലെ ഈ മേൽവിലാസത്തിൽ താമസിക്കുന്നു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

Read in English

കൂടാതെ, താൽക്കാലിക മേൽവിലാസത്തിന് അടിസ്ഥാനമായി എൽഐസിയുടെ ന്യൂ എന്റോൺമെന്റ് പ്ലാനിൽ ഉള്ള പോളിസി സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വാടക കരാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണം നടത്തണമെന്നാണ് നിർദേശം.