പദ്മാവതി സിനിമയ്ക്കു പിന്നാലെ പാട്ടിനും വിലക്ക്; നടപടി വിവാദത്തിൽ

ഭോപ്പാൽ∙ സിനിമയ്ക്കു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പദ്മാവതിയിലെ പാട്ടുകളും സ്കൂളുകളിൽ ഉപയോഗിക്കുന്നതിനു വിലക്ക്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്കാരിക പരിപാടികളിൽ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച സർക്കുലറും പുറത്തിറക്കി. നടപടി വിവാദമായതിനു പിന്നാലെ സർക്കുലർ പിൻവലിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥനു കാരണം കാണിക്കൽ നോട്ടിസും നൽകി.

ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) രാജീവ് സൂര്യവൻശിയാണു സർക്കുലർ ഇറക്കിയത്. ‘ഘൂമർ’ എന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കുമാണു സർക്കുലർ അയച്ചത്. മാതാ പദ്മാവതിയോടുള്ള അനാദരവാണ് സ്കൂളുകളിൽ ഈ പാട്ട് പാടുന്നതിലൂടെ സംഭവിക്കുന്നതെന്നു കാട്ടി രാഷ്ട്രീയ രജപുത് കർണി സേന കത്തുനൽകിയിരുന്നു. അതിനാൽ പാട്ട് സ്കൂളുകളിൽ ഉപയോഗിക്കരുതെന്നാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, സംസ്ഥാന സർക്കാരിനുമാത്രമേ ഇത്തരം സർക്കുലറുകൾ ഇറക്കാൻ അധികാരമുള്ളൂവെന്നും ഡിഇഒയ്ക്ക് അതിന് അധികാരമില്ലെന്നും കലക്ടർ അശീഷ് സിങ് പറഞ്ഞു. ദീപിക പദുക്കോണും ഷാഹിദ് കപൂറും അഭിനയിച്ച പാട്ട് അടുത്തിടെയാണു പുറത്തുവിട്ടത്.

നേരത്തേ, പദ്മാവതി സിനിമ പ്രദർശിപ്പിക്കുന്നതു വിലക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഉത്തരവിട്ടിരുന്നു. റാണി പദ്മാവതിയുടെ പേരിൽ സംസ്ഥാന പുരസ്കാരം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ റാണിയുടെ ജീവിതകഥ സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ചൗഹാൻ വ്യക്തമാക്കിയിരുന്നു.

ഡിസംബർ ഒന്നിന് റിലീസിനു നിശ്ചയിച്ചിരുന്ന ചിത്രം, സെൻസർ ബോർ‍ഡ് തീരുമാനം വൈകുന്നതിനാൽ മാറ്റിവച്ചിരിക്കുകയാണ്.