നികുതി വെട്ടിച്ച് 607 ‘പുതുച്ചേരി വാഹനങ്ങൾ’: റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

Representational image

തിരുവനന്തപുരം∙ നികുതി വെട്ടിക്കാനായി കേരളത്തിൽനിന്നു പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തത് 350 ബിഎംഡബ്ല്യൂ, 52 ഔഡി, 66 ജാഗ്വർ കാറുകൾ ഉൾപ്പെടെ 607 വാഹനങ്ങൾ. ഇനി സംസ്ഥാനത്തിനു പുറത്തുള്ള താൽക്കാലിക േമൽവിലാസത്തിൽ താൽക്കാലിക റജിസ്ട്രേഷനുള്ള അപേക്ഷയിൽ റവന്യൂ അധികാരികളിൽനിന്നുള്ള ആധികാരിക രേഖകൾ ഹാജരാക്കാൻ ഡീലർമാർക്കു നിർദേശം നൽകണമെന്നു പുതുച്ചേരി വാഹന തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നാലുദിവസത്തെ അന്വേഷണത്തിൽ വിരലിലെണ്ണാവുന്ന ആഡംബര വാഹനങ്ങൾ മാത്രമേ പുതുച്ചേരിയിലെ നിരത്തുകളിൽ കാണാൻ കഴിഞ്ഞുള്ളൂ എന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും:

∙ അന്വേഷണ പരിധിയിൽവന്ന എല്ലാ പുതുച്ചേരി വാഹനങ്ങളും നികുതി വെട്ടിപ്പു നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന എല്ലാ പുതുച്ചേരി വാഹനങ്ങളുടെയും മേൽവിലാസം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം

Read this article in English: Pay tax in Puducherry, drive in Kerala

∙ കേരളത്തിലുടനീളം എല്ലാ ആഡംബര വാഹനങ്ങളുടെയും ഡീലർഷിപ്പിൽ സർവീസിനുവരുന്ന പുതുച്ചേരി വാഹനങ്ങളുടെ പട്ടിക തയാറാക്കണം

∙ കേരളത്തിനുള്ളിലുള്ള എല്ലാ ആഡംബര വാഹനങ്ങളുടേയും യൂസ്ഡ് കാർ ഷോറൂമുകളിൽനിന്നു സർവീസിനു വരുന്ന പുതുച്ചേരി റജിസ്ട്രേഷൻ വാഹനങ്ങളുടെ പട്ടിക എടുക്കണം.

∙ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു കേരളത്തിൽ സർവീസ് നടത്തുന്ന എല്ലാ വാഹനങ്ങളുടെയും ഫിനാൻസ്, ഇൻഷുറൻസ് എന്നിവ കേരളത്തിൽനിന്ന് എടുത്തിട്ടുള്ളതായി കാണപ്പെട്ടാൽ അന്വേഷണത്തിനു പ്രത്യേക മുൻഗണന നൽകണം.

∙ സ്ഥിര മേൽവിലാസം കേരളത്തിലാണെന്നു തെളിയിക്കപ്പെട്ട ആഡംബര വാഹന ഉടമകളുടെ താൽക്കാലിക പുതുച്ചേരി വിലാസം പുതുച്ചേരി റവന്യൂ വകുപ്പിനെ കൊണ്ട് അന്വേഷിപ്പിച്ചു നിജസ്ഥിതി റിപ്പോർട്ടു ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

∙ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു പുതുച്ചേരി വാഹനങ്ങൾ റോഡിൽ പരിശോധിക്കാനുള്ള നിർദേശം കൊടുക്കണം.

∙ കേരളത്തിൽ സർവീസ് നടത്തുന്ന എല്ലാ പുതുച്ചേരി വാഹനങ്ങളുടെയും കൃത്യമായ എണ്ണം തിട്ടപ്പെടുത്തണം.

ഒരു വിലാസത്തിൽ ആറു ആഡംബര വാഹനങ്ങൾ

കണ്ടെത്തലുകളിൽ ചിലത്: പുതുച്ചേരി വാഹനങ്ങളുടെ താൽക്കാലിക മേൽവിലാസം പരിശോധിച്ചതിൽ നമ്പർ 20, ഭാരതിദാസൻ സ്ട്രീറ്റ്, ആർ.കെ. നഗർ, അരിയൻകുപ്പം, പുതുച്ചേരി ഏഴ് എന്ന താൽക്കാലിക വിലാസത്തിൽ ആറ് ആഡംബര കാറുകൾ റജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഈ വിലാസത്തിൽ താമസിക്കുന്നത് ഇൻഷുറൻസ് ഏജന്റായ ജോൺ വിൻസെന്റാണ്. അദ്ദേഹത്തിനു വാഹനവുമായോ ഉടമകളുമായോ യാതൊരു ബന്ധവും ഇല്ല. അദ്ദേഹത്തിന്റെ വസതിയിൽ ഒരു കാർ കയറ്റിയിടാൻപോലും സ്ഥലമില്ല. ഈ വാഹനങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരിക്കുന്നതു കേരളത്തിൽനിന്നുള്ളവരാണ്. ഈ വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണം.