റിബൽ മുറിവുണക്കാൻ കോൺഗ്രസ്; എൻസിപിയുടെ പിണക്കവും തീർന്നേക്കും

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ വിഭാഗത്തിന്റെ പരോക്ഷ പിന്തുണ ഉറപ്പാക്കി കോൺഗ്രസ് കരുത്തു വർധിപ്പിച്ചതോടെ പൊട്ടിപ്പോയ കണ്ണികൾ വിളക്കിച്ചേർക്കാൻ എൻസിപി. സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുണ്ടായ പിണക്കം മാറ്റിവച്ച് ഇരുപാർട്ടികളും വീണ്ടും ധാരണയുണ്ടാക്കാൻ സാധ്യതയേറി.

അതേസമയം, സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പാർട്ടിക്കകത്തുണ്ടായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കോൺഗ്രസ് നാലു മുതിർന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ജനറൽ സെക്രട്ടറിമാരായ ബി.കെ.ഹരിപ്രസാദ്, മുകുൽ വാസ്നിക്, തരുൺ ഗൊഗോയ് എന്നിവർ റിബൽ സ്ഥാനാർഥികളുമായി ചർച്ച നടത്തും. ഇരുപതോളം റിബലുകളാണുള്ളത്. അവരിൽ കുറച്ചുപേരെങ്കിലും പ്രാദേശിക സ്വാധീനമുള്ളവരും ജയിക്കാൻ സാധ്യതയുള്ളവരുമാണ്. പരേശ് കച്ഛാദിയ, നിലേശ് കുംബാനി (കാമ്റേജ്), കിശോർ ചിഖാലിയ (മാലിയ), ധർമേശ് പട്ടേൽ (ജലാൽപോർ) എന്നിവരാണ് ഇക്കൂട്ടത്തിൽ പ്രമുഖർ.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻസിപി സഖ്യകാര്യത്തിൽ തീരുമാനമാകുമെന്നാണു പ്രതീക്ഷ. തങ്ങളുടെ കുത്തക സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് ആദ്യഘട്ടത്തിലെ 44 സീറ്റുകളിൽ എൻസിപി പത്രിക സമർപ്പിച്ചത്. പട്ടേൽ സമുദായം കോൺഗ്രസിനൊപ്പമാണെന്നു വ്യക്തമാക്കിയതും ബിജെപിയാണു മുഖ്യശത്രുവെന്നു പ്രഖ്യാപിച്ചതും വലിയ ദിശാമാറ്റമുണ്ടാക്കി.

ഏഴു സീറ്റുകൾ നൽകി ഐക്യ ജനതാദളുമായി (ശരദ് യാദവ് പക്ഷം) കോൺഗ്രസ് ധാരണയുണ്ടാക്കിയതും എൻസിപിയെ മടങ്ങിയെത്താൻ പ്രേരിപ്പിക്കുന്നു. എൻസിപി സഹകരിക്കാൻ തയാറായാൽ ഒൻപതു സീറ്റ് വരെ നൽകാമെന്നു കോൺഗ്രസ് നിലപാടു മയപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട സ്ഥാനാർഥി നിർണയം ബാക്കിയിരിക്കേ, എൻസിപിയുടെ ആവശ്യം കോൺഗ്രസ് പരിഗണിച്ചേക്കും.

ഹാർദിക്കിന്റെ നിലപാടു ശരിയാണെന്നും രണ്ടാംഘട്ടത്തിൽ കോൺഗ്രസുമായി സഹകരണത്തിനു ശ്രമിക്കുകയാണെന്നും എൻസിപി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. രണ്ടാംഘട്ട സീറ്റുകൾ സംബന്ധിച്ചു ധാരണയാകുന്ന പക്ഷം, ആദ്യഘട്ടത്തിലെ മൂന്നോ നാലോ സീറ്റുകളൊഴിച്ചു ബാക്കി സ്ഥലങ്ങളിൽനിന്ന് എൻസിപി സ്ഥാനാർഥികൾ പിന്മാറിയേക്കും. പത്രിക പിൻവലിക്കുന്നതിൽ തടസ്സം നേരിട്ടാൽ, തുടർനടപടി വേണ്ടെന്നു വരണാധികാരികൾക്ക് അപ്പീൽ നൽകും. അതേസമയം, എൻസിപിയുമായുള്ള സഖ്യത്തിനു താൽപര്യമില്ലെന്ന സൂചനകളാണ് അഹമ്മദ് പട്ടേലുമായി അടുപ്പമുള്ളവർ നൽകുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്വീകരിച്ച നിലപാടാണു പട്ടേലിന്റെ വിയോജിപ്പിനു കാരണം.

രാഹുൽ ഇന്നെത്തും; മോദി തിങ്കളാഴ്ച

ആദ്യഘട്ട പോരാട്ടത്തിനുള്ള അന്തിമപ്രചാരണത്തിനു കോൺഗ്രസും ബിജെപിയും കച്ചമുറുക്കി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു പോർബന്തറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത തിങ്കളാഴ്ച ഭുജിലും അവസാനഘട്ട പ്രചാരണത്തിനു തുടക്കംകുറിക്കും. സൗരാഷ്ട്ര, കച്ച് മേഖലകളിൽ മുപ്പതോളം റാലികളെ മോദി അഭിസംബോധന ചെയ്യും.