ഇലക്ടറൽ ബോണ്ട്: ഒന്നുമറിയില്ലെന്ന് ആർബിഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാൻ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് യാതൊന്നുമറിയാതെ റിസർവ് ബാങ്കും തിരഞ്ഞെടുപ്പ് കമ്മിഷനും. ഒൻപതു മാസങ്ങൾക്കു മുൻപ് ബജറ്റ് അവതരണത്തിലാണ് അരുൺ ജയ്റ്റ്ലി ഇലക്ടറൽ ബോണ്ടുകളുടെ കാര്യം അവതരിപ്പിച്ചത്. ബാങ്കുകളാണ് ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആർബിഐക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഒന്നുമറിയില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇരു സ്ഥാപനങ്ങളും മറുപടി നൽകി.

സന്നദ്ധ സംഘടനയായ കോമൺവെൽത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ വെങ്കടേഷ് നായക് ആണ് ആർടിഐ ഫയൽ ചെയ്തത്.

കരട് ഇലക്ടറൽ ബോണ്ട് സ്കീമിന്റെ വിവരങ്ങളാണ് ആർബിഐയോടു തേടിയത്. എന്നാൽ അക്കാര്യത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നായിരുന്നു മറുപടി. ഇലക്ടറൽ ബോണ്ട് പ്രാബല്യത്തിലായാൽ രാഷ്ട്രീയ പാർട്ടികളുടെ സംഭാവനകൾക്ക് ഇത്തരം രീതി അവലംബിക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയേനെ. സംഭാവന നൽകുന്നയാൾ, രാഷ്ട്രീയ പാർട്ടി, റിസർവ് ബാങ്ക് എന്നിവരാണ് ഇലക്ടറൽ ബോണ്ടിലെ ഇടപാടുകാർ.

ഒരു രാഷ്ട്രീയപ്പാർട്ടിക്ക് 10,000 രൂപ സംഭാവന നൽകണമെങ്കിൽ അത് ബാങ്കിൽനിന്ന് 5,000 രൂപയുടെ രണ്ട് ബോണ്ടുകളായി വാങ്ങി നൽകാം. നിശ്ചിത സമയപരിധിക്കുള്ളിൽ ബോണ്ടിനായി പണമടയ്ക്കണം. അതോടെ, ഏതു പാർട്ടിക്കാണോ സംഭാവന നൽകിയത് അവരുടെ അക്കൗണ്ടിൽ പണമെത്തും. ചെക്ക് അല്ലെങ്കിൽ ഡിജിറ്റൽ ഇടപാടുകളിലൂടെ മാത്രമായിരിക്കും ഫണ്ട് സ്വീകരിക്കുക. ഈ സംവിധാനം പ്രാബല്യത്തിലായാൽ രാഷ്ട്രീയ പാർട്ടികളുടെ പണമിടപാടുകളിൽ സുതാര്യത ഉറപ്പുവരുത്താനാകും.