സുരേഷ് ഗോപിയോ, സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ: പുതുച്ചേരിക്കാർ– വിഡിയോ

(നികുതി വെട്ടിക്കാനായി കേരളത്തിൽനിന്നു പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തത് 350 ബിഎംഡബ്ല്യൂ, 52 ഓഡി, 66 ജാഗ്വർ കാറുകൾ ഉൾപ്പെടെ 607 വാഹനങ്ങളാണെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിന് ലഭിച്ചു. നാലുദിവസത്തെ അന്വേഷണത്തിൽ വിരലിലെണ്ണാവുന്ന ആഡംബര വാഹനങ്ങൾ മാത്രമേ പുതുച്ചേരിയിലെ നിരത്തുകളിൽ കാണാൻ കഴിഞ്ഞുള്ളൂ എന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു)

തിരുവനന്തപുരം∙ നടനും എംപിയുമായ സുരേഷ് ഗോപി പുതുച്ചേരിയിൽ വാഹനം റജിസ്ട്രേഷൻ നടത്തിയ സംഭവത്തിൽ വിലാസത്തെക്കുറിച്ചും റജിസ്ട്രേഷനെക്കുറിച്ചും സമഗ്രമായ തുടരന്വേഷണം നടത്തണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്ന അപ്പാർട്ട്മെന്റ് അടഞ്ഞുകിടക്കുകയായിരുന്നു. അയൽവാസികൾക്ക് ആംഡംബര വാഹനങ്ങൾ അപ്പാർട്ട്മെന്റിൽ ഉള്ളതായി അറിവില്ല. വെങ്കിടേഷ് എന്നയാളാണു വർഷങ്ങളായി അപ്പാർട്ട്മെന്റിൽ താമസിക്കുന്നതെന്നും അവർ അന്വേഷണ സംഘത്തെ അറിയിച്ചു. പരിശോധനയുടെ വിഡിയോ മനോരമ ഓൺലൈനിനു ലഭിച്ചു

റിപ്പോർട്ടിൽ നിന്ന്:

വാർത്താ പ്രധാന്യം നേടിയ പിവൈ 01 ബിഎ 999 നമ്പരിലുള്ള ഔഡി ക്യൂ 7 കാറിന്റെ സ്ഥിരവിലാസം തിരുവനന്തപുരത്തേതാണ്. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്യുന്നതിനായി താൽക്കാലിക വിലാസമായി നൽകിയിരിക്കുന്നത് 3 സിഎ കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലപിളൈചാവടി, പുതുച്ചേരി എന്ന വിലാസമാണ്. അന്വേഷിച്ചപ്പോൾ അപ്പാർട്ട്മെന്റ് അടച്ചിട്ടതായാണു മനസിലാക്കാൻ കഴിഞ്ഞത്.