കോൺഗ്രസിന് ‘മറുപണി’; ചായ കുടിച്ച് മൻ കി ബാത്ത് കേൾക്കാൻ ബിജെപി

കഴിഞ്ഞ വർഷം മേഘാലയ സന്ദർശനത്തിനിടെ പ്രദേശവാസികളുമായി സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് കാർട്ടൂൺ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള നീക്കവുമായി ബിജെപി. ചെറുപ്പത്തിൽ ചായ വിൽപനക്കാരനായിരുന്ന മോദിയുടെ പശ്ചാത്തലത്തെയും ഇംഗ്ലിഷ് ഉച്ചാരണത്തെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ ഓൺലൈൻ മാസികയായ ‘യുവ ദേശി’ൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’, ഗുജറാത്തിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സാധാരണക്കാർക്കൊപ്പം ചായ കുടിച്ചുകൊണ്ടു കേൾക്കാനാണു പദ്ധതി.

‘മൻ കി ബാത്ത് – ചായ് കേ സാത്ത്’ എന്ന പേരിലാണ് പരിപാടി നടത്തുക. അമിത് ഷായ്ക്കു പുറമെ ബിജെപിയുടെ പ്രമുഖ നേതാക്കളായ അരുൺ ജയ്റ്റ്‍ലി, പിയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഉമാ ഭാരതി, സ്മൃതി ഇറാനി, പർഷോത്തം റുപാല, ജുവൽ ഓറം, ബിജെപി സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ ഇതിന്റെ ഭാഗമാകും.

ഗുജറാത്തിലെ 182 മണ്ഡലങ്ങളിലുമുള്ള 50,128 പോളിങ് ബൂത്തുകളിലും പരിപാടി അരങ്ങേറും. അഹമ്മദാബാദിനു സമീപമുള്ള ധരിയാപുർ മണ്ഡലത്തിലെ വോട്ടർമാർക്കൊപ്പമാകും അമിത് ഷാ ചായ കുടിച്ച് മൻ കി ബാത്ത് കേൾക്കുക. പശ്ചിമ സൂറത്ത് നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തിലാണ് അരുൺ ജയ്റ്റ്‍ലി പരിപാടിയുടെ ഭാഗമാകുക.

നവംബർ 27, 28, 29 തിയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കാനിരിക്കെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബർ ഒൻപതിനു നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലായി എട്ട് തിരഞ്ഞെടുപ്പു റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

കടുത്ത വിമർശമുയർന്നതിനെ തുടർന്ന് ‘യുവ ദേശി‌’ൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ യൂത്ത് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. ഇത്തരമൊരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ മാപ്പു പറയുകയും ചെയ്തു. എന്നാൽ, ഈ കാർട്ടൂൺ ആയുധമാക്കിയാണ് അതിനുശേഷം ബിജെപിയുടെ മുഖ്യ പ്രചാരണം. കാർട്ടൂണിനെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, വിവാദ കാർട്ടൂണിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് മോദിയുടെ ചായവിൽപന പശ്ചാത്തലത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും വിവാദത്തിൽപ്പെട്ടിരുന്നു.