എംആർ വാക്സിനേഷൻ തടഞ്ഞ കേസ്: പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ

പൊലീസ് അറസ്റ്റ് ചെയ്ത സഫ്‍വാൻ, മുബഷീർ, ഫൈസൽ ബാബു (ഫൈസൽ ബാബു നിരപരാധിയാണെന്നാണ് കണ്ടെത്തിയത്)

മലപ്പുറം ∙ മീസിൽസ് റുബെല്ല വാക്സിനേഷന്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പേരില്‍ ജയിലിലടച്ചതു നിരപരാധിയെ. പ്രാദേശിക മാധ്യമത്തിനു വേണ്ടി ഫോട്ടോ എടുക്കാന്‍ പോയ ഫൈസല്‍ ബാബുവിനെയാണു പൊലീസ് ജയിലടച്ചത്. ഇയാൾ നിരപരാധിയാണെന്നു നാട്ടുകാരും ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഘർഷമുണ്ടായ സ്ഥലത്തുനിന്നു പൊലീസ് പകര്‍ത്തിയ ചിത്രങ്ങളില്‍ ഫൈസല്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്.

ആക്രമണത്തിൽ പരുക്കേറ്റ നഴ്സ് ശ്യാമള

വളാഞ്ചേരി അത്തിപ്പറ്റയിൽ എംആർ വാക്സിൻ നൽകാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ മൂന്നുപേരെയാണു വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എടയൂർ അത്തിപ്പറ്റ പറങ്ങാട്ട് പറമ്പിൽ മുബഷീർ (23), സഫ്‍വാൻ (26), ചോലക്കാട്ടിൽ ഫൈസൽ ബാബു (24) എന്നിവരെയാണ് എസ്ഐ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. ഇതിൽ ഫൈസൽ ബാബു നിരപരാധിയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് എടയൂർ പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസർ അടക്കമുള്ള ആരോഗ്യവകുപ്പ് അധികൃതർ‌ക്കെതിരെ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ പുറത്തു നിന്നെത്തിയ സംഘം കയ്യേറ്റത്തിനു മുതിർന്നത്. വിദ്യാർഥികൾക്കു പ്രതിരോധവാക്സിൻ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ ആരോഗ്യ വകുപ്പു ജീവനക്കാരി സി.കെ.ശ്യാമളഭായി(54)യെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.