സച്ചിന്റെ പ്രിയ നമ്പർ ഇനിയാർക്കുമില്ല; 10–ാം നമ്പർ ജഴ്സി ‘വിരമിച്ചു’

മുംബൈ∙ ക്രിക്കറ്റ് ദൈവത്തിന് ആ ഭാഗ്യ നമ്പർ സ്വന്തം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ 10–ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഈ ജഴ്സി നമ്പർ നൽകേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചു.

തന്റെ 24 വർഷത്തെ കരിയറിൽ കൂടുതലും സച്ചിൻ അണിഞ്ഞത് ഈ ജഴ്സിയാണ്. അദ്ദേഹത്തെ ഓർക്കുമ്പോഴെല്ലാം 10–ാം നമ്പരും തെളിഞ്ഞുവരും. സച്ചിനെയും 10–ാം നമ്പരിനെയും വേർപ്പെടുത്താനാവില്ല. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സച്ചിന്റെ ഭാഗ്യ ജഴ്സി കൂടിയാണിത്. റെക്കോർഡുകൾ അടിച്ചുകൂട്ടുമ്പോഴെല്ലാം മാസ്റ്റർ ബ്ലാസ്റ്ററും 10–ാം നമ്പരും തിളങ്ങി.

2013 നവംബറിലാണ് സച്ചിൻ വിരമിച്ചത്. 2012 നവംബർ 10ന് പാക്കിസ്ഥാനെതിരെയാണു സച്ചിന്‍ അവസാനമായി പത്താം നമ്പർ ജഴ്സിയണിഞ്ഞത്. സച്ചിന്റെ വിടവാങ്ങലോടെ ഈ ജഴ്സിയും ഇല്ലാതാകുമെന്നാണ് ആരാധകർ കരുതിയത്. എന്നാല്‍, ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ മുംബൈ ഫാസ്റ്റ് ബൗളര്‍ ഷാർ‌ദുല്‍ ഠാക്കൂറിന് കൊടുത്തത് പത്താം നമ്പരായിരുന്നു. വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇത് വഴിയൊരുക്കി.

സച്ചിനെ പോലെയാകാൻ ശ്രമിക്കുന്നു എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. തുടർന്ന് മറ്റ് താരങ്ങൾ ഈ നമ്പർ സ്വീകരിക്കാൻ മടിച്ചു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 10–ാം നമ്പർ ജഴ്സി പിൻവലിക്കാൻ ബിസിസിഐ അനൗദ്യോഗികമായി തീരുമാനിച്ചത്. സച്ചിനോടുള്ള ആദരസൂചകം കൂടിയാണ് തീരുമാനം.

കായികലോകത്ത് താരങ്ങളുടെ ജഴ്സി നമ്പരിനും വൈകാരിക സ്ഥാനമുണ്ട്. നിരവധി ഫുട്ബോൾ ക്ലബുകൾ ജഴ്സി പിൻവലിച്ചിട്ടുമുണ്ട്. 2014ൽ അർജന്റീന ഡിഫൻഡർ സാവിയർ സനേറ്റിയുടെ വിരമിക്കലിനെ തുടർന്ന് ഇന്റർ മിലാൻ ക്ലബ് നാലാം നമ്പർ ജഴ്സി ഒഴിവാക്കി. ബോബി മൂറിന്റെ വിരമിക്കലോടെ ആറാം നമ്പർ ജഴ്സി വെസ്റ്റ് ഹാം യുണൈറ്റഡും പൗലോ മാൽദിനിയുടെ വിരമിക്കലിനുശേഷം മൂന്നാം നമ്പർ ജഴ്സി എസി മിലാനും പിൻവലിച്ചു.

എന്നാൽ രാജ്യാന്തര ഫുട്ബോളിൽ ഇത് പതിവില്ല. ഇതിഹാസ താരം ഡിയഗോ മറഡോണയുടെ ബഹുമാനാർഥം 10–ാം നമ്പർ ജഴ്സി പിൻവലിക്കാൻ അർജന്റീന തീരുമാനിച്ചു. എന്നാൽ 23 അംഗ ടീമിൽ 24–ാം നമ്പർ ജഴ്സി അനുവദിക്കാനാവില്ലെന്ന് ഫിഫ 2002ലെ ലോകകപ്പിൽ നിലപാടെടുത്തു. ഇപ്പോൾ 10–ാം നമ്പറിൽ സൂപ്പർതാരം ലയണൽ മെസ്സിയാണ് കളിക്കുന്നത്.