ഐപിഎൽ നടത്തിപ്പിലെ ക്രമക്കേടിന് ബിസിസിഐക്ക് 52 കോടി രൂപ പിഴ

(Representative Image)

ന്യൂഡൽഹി∙ ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ ബിസിസിഐക്കു മേൽ കോംപറ്റീഷൻ കമ്മിഷൻ 52.24 കോടി രൂപ പിഴ ചുമത്തി. ഐപിഎല്ലിനു സമാനമായി മറ്റു ടൂർണമെന്റുകൾ രാജ്യത്തു നടക്കുന്നതു തടയാൻ ക്രിക്കറ്റ് രംഗത്തെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചു ബിസിസിഐ ശ്രമിച്ചതായി 44 പേജുള്ള ഉത്തരവിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി. 2013 ഫെബ്രുവ‌രിയിൽ ഇതേ തുക കമ്മിഷൻ പിഴ ചുമത്തിയിരുന്നെങ്കിലും ബിസിസിഐയുടെ അപ്പീൽ അംഗീകരിച്ചു കോംപറ്റീഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ അത് റദ്ദാക്കിയിരുന്നു. 

സംപ്രേഷണാവകാശത്തിനായുള്ള ലേലത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കാനും ബോർഡിന്റെ സാമ്പത്തിക ലാഭം ഉറപ്പാക്കാനും സംപ്രേഷണ കരാർ വ്യവസ്ഥകളിൽ ബിസിസിഐ തിരിമറി നടത്തിയെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, ബിസിസിഐയുടെ കഴിഞ്ഞ മൂന്നു വർഷത്തെ ആകെ വരുമാനത്തിന്റെ 4.48 ശതമാനം മാത്രമാണ് ഈ പിഴത്തുകയെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. 2013–14, 2014–15, 2015–16 വർഷങ്ങളിലായി ഏതാണ്ട് 1,164.7 കോടി രൂപയാണ് ബിസിസിഐയുടെ ശരാശരി വരുമാനം.