തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി നൂണ്ട് ആയിരങ്ങൾ

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി ഗുഹ നൂഴൽ ചടങ്ങിനെത്തിയ ഭക്തർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തിരുവില്വാമല∙ ഭക്തിലഹരിയിൽ വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി നൂഴൽ. വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിൽ ആയിരത്തിലേറെ ഭക്തരാണു ഗുഹ നൂഴാനെത്തിയത്. ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ കിഴക്കുമാറിയുള്ള ഗുഹയിൽ വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ മാത്രമാണു നൂഴൽ ചടങ്ങുള്ളത്.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി ഗുഹ നൂഴൽ ചടങ്ങിനെത്തിയ ഭക്തർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

പരശുരാമൻ നിഗ്രഹിച്ച ക്ഷത്രിയാത്മാക്കളുടെ മോക്ഷാർഥം ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകർമാവിനാൽ പണി കഴിപ്പിച്ചതാണു പുനർജനി ഗുഹയെന്നാണു സങ്കൽപം. ഗുഹയിലൂടെ നൂണ്ടു വന്നാൽ പാപം തീർന്ന് പുനർജനി നേടുമെന്നാണു വിശ്വാസം. ദേവസ്വവും പഞ്ചായത്തും സേവാഭാരതിയും ചേർന്നു ഭക്തർക്കു സൗകര്യങ്ങളൊരുക്കി. രാവിലെ തിരുവില്വാമല ഹരിയുടെ പ്രമാണത്തിൽ മേളം, തിരുവില്വാമല ഗോപിയുടെ പ്രമാണത്തിൽ പഞ്ചവാദ്യം എന്നിവയോടെ രണ്ട് ആനകളുടെ അകമ്പടിയിലുള്ള കാഴ്ചശീവേലി, പഞ്ചഗവ്യം അഭിഷേകം,  ജീവനക്കാരുടെ വക ഏകാദശി ഭക്ഷണ വിതരണം എന്നിവയും നടന്നു.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി ഗുഹ നൂഴൽ ചടങ്ങിനെത്തിയ ഭക്തർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

പ്രകൃതി രൂപപ്പെടുത്തിയ പുനർജനി തുരങ്കത്തിന് 15 മീറ്ററാണ് നീളം. നൂഴുന്ന ഗുഹ, വലുപ്പം കുറഞ്ഞതും ഇരുട്ട് നിറഞ്ഞതുമായതിനാലാണ് സ്ത്രീകളെ നൂഴാൻ അനുവദിക്കാത്തത്. ഏകാദശി നാളിൽ ഗുരുവായൂരിലേക്ക് തിരുവില്വാമലയില്‍ നിന്നു വില്വാദ്രിനാഥനായ ശ്രീരാമനും തിരക്കില്‍നിന്നു മാറി വിശ്രമിക്കാന്‍ തിരുവില്വാമലയ്ക്കു ഗുരുവായൂരപ്പനും വരുമെന്നാണു സങ്കല്‍പം. കാടിന്റെ നടുക്കിലൂടെ യാത്ര ചെയ്തു വേണം പുനർജനി മലയുടെ അടുത്തെത്താൻ. തിരുവില്വാമല-മലേശ്വമംഗലം-പാലക്കാട് റൂട്ടില്‍ ആണ് ഗുഹയുടെ പ്രവേശന കവാടം. ഏകദേശം 20 മുതൽ 25 മിനുട്ട് വരെ എടുത്താണ് പുനർജനി നൂഴുന്നത്. 

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജനി ഗുഹ നൂഴൽ ചടങ്ങിനെത്തിയ ഭക്തർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ