Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വക്കീലിനു കൊടുക്കാൻ പണമില്ല; സഹായം തേടി ഹണിപ്രീതിന്റെ കത്ത്

Honeypreet Insan ഹണിപ്രീതിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ.

അംബാല∙ തനിക്കെതിരായ കേസ് വാദിക്കാൻ അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലെന്നും സഹായിക്കണമെന്നും ഹണിപ്രീത് ഇൻസാൻ. മാനഭംഗക്കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകളാണ് ഹണിപ്രീത്.

ഹരിയാനയിലെ അംബാല സെൻട്രൽ ജയിൽ അധികൃതർക്കാണ് ഹണിപ്രീത് കത്തെഴുതിയത്. ഈ ജയിലിലാണ് അവരിപ്പോഴുള്ളത്. അഭിഭാഷകനെ നിയോഗിക്കാൻ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബർ ഏഴിന് തുടങ്ങുമെന്നു കോടതി അറിയിച്ചിരിക്കുന്നു. അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. അതിനാൽ പണം പിൻവലിക്കാനാവുന്നില്ല.

തന്റെ ഭാഗം കോടതിയിൽ വാദിക്കുന്നതിന് അഭിഭാഷകനെ വയ്ക്കാൻ കയ്യിൽ പണമില്ല. ഇതിനായി ബൗങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്നും ഹണിപ്രീത് കത്തിൽ ആവശ്യപ്പെടുന്നു. ഗുർമീത് ജയിലിലായതിനു പിന്നാലെ, പഞ്ച്കുലയിലും മറ്റും കലാപത്തിന് ആസൂത്രണം ചെയ്തെന്ന കേസിൽ ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്. 38 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷമായിരുന്നു അറസ്റ്റ്.

ഗുര്‍മീതുമായുള്ള ബന്ധം വിവാദമായപ്പോൾ, പവിത്രമായ അച്ഛൻ– മകൾ ബന്ധമാണ് തങ്ങൾ‌ക്കിടയിലെന്നു ഹണിപ്രീത് വ്യക്തമാക്കിയിരുന്നു. കലാപത്തിനുശേഷം ഹരിയാന, പഞ്ചാബ്, ഡൽഹി, നേപ്പാൾ എന്നിവിടങ്ങളിലാണ് ഇവർ‌ ഒളിവിൽ കഴിഞ്ഞത്. കലാപമുണ്ടാക്കാൻ ഹണിപ്രീത് ഒന്നരക്കോടി രൂപ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

രാജ്യദ്രോഹക്കുറ്റം, കലാപശ്രമം, ഗുര്‍മീതിനെ കോടതിയിൽനിന്ന് രക്ഷിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹണിപ്രീതിന്റെ കൂടെയുള്ള ഇരുപതോളം പേരെ ഇനിയും പിടികൂടാനുണ്ട്. ഗുർമീതുമായി വളരെ അടുപ്പമുള്ള 15 പേരാണ് അറസ്റ്റിലായിട്ടുള്ളത്.