പച്ചക്കൊടിയുമായി ഐപിഎൽ സമിതി; ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തും

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചുവരവിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാൻ റോയൽസും. ന്യൂഡൽഹിയില്‍ നടന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗം ഇരുടീമുകൾക്കും 2018ലെ മുതൽ കളിക്കാൻ അനുമതി നൽകി. അഞ്ച് കളിക്കാരെ ടീമിലേക്കു തിരിച്ചെത്തിക്കാനും ഇവർക്ക് അനുമതിയുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണി ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയെത്താൻ സാധ്യതയേറി. ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങളും രണ്ടു വിദേശതാരങ്ങളുമുണ്ടാകും. 2013ലെ ഒത്തുകളി ആരോപണത്തിന്റെ പേരിലാണു രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും രണ്ടു വർഷത്തേക്കു വിലക്കിയത്. ഈ രണ്ടു സീസണിലും ധോണി റൈസിങ് പൂണെ സൂപ്പർ ജയന്റ്സിലാണു കളിച്ചത്.

വിവിധ ടീമുകള്‍ക്ക് ഉപയോഗിക്കാവുന്ന തുക വർധിപ്പിക്കാനും ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. അടുത്ത വർഷം നടക്കുന്ന ഐപിഎൽ സീസണിൽ 80 കോടി വരെ തുക ടീമുകൾക്ക് ഉപയോഗിക്കാം. 66 കോടി രൂപ ഉപയോഗിക്കാനാണ് ടീമുകൾക്കു നിലവിൽ അനുമതിയുള്ളത്. അതിന് ശേഷമുള്ള ഓരോ സീസണുകളിലും നിശ്ചിത ശതമാനമായി തുക വർദ്ധിപ്പിക്കാനും തീരുമാനമായി.