സിയാങ് നദിയിലെ വെള്ളം ഉപയോഗശൂന്യം; ചൈന ‘തുരങ്കം’ വയ്ക്കുന്നുവെന്ന സംശയം ശക്തം

ബ്രഹ്മപുത്ര നദി (ഫയൽ ചിത്രം)

ഗുവാഹത്തി∙ വടക്കൻ അരുണാചൽ പ്രദേശിന്റെ ജീവനാഡിയായ സിയാങ് നദിയിലെ വെള്ളം പ്രത്യേക ‘തുരങ്കം’ നിർമിച്ച് ചൈന ഊറ്റിയെടുക്കുകയാണെന്ന സംശയം ബലപ്പെടുന്നു. കറുത്തിരുണ്ട നിറത്തിൽ ഒഴുകിക്കൊണ്ടിരുന്ന വെള്ളം പൂർണമായും ഉപയോഗശൂന്യമായെന്ന് വിദഗ്ധർ. യാതൊരു കാരണവശാലും ഈ ജലം കുടിക്കാൻ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

ടിബറ്റിലൂടെ ഒഴുകിയാണ് നദി ഇന്ത്യയിലേക്കെത്തുന്നത്. അരുണാചൽ പ്രദേശിലൂടെ 230 കിലോമീറ്റർ ഒഴുകുന്നുണ്ട് സിയാങ് നദി. അനുവദനീയമായതിലും അധികമാണ് വെള്ളത്തിലെ ഇരുമ്പിന്റെ അംശം. കഴിഞ്ഞ മാസം സിമന്റു പരുവത്തിലുള്ള വസ്തുക്കൾ കലങ്ങിയിറങ്ങിയതു കണ്ടെത്തിയ സാഹചര്യത്തില്‍ വെള്ളം കേന്ദ്ര ജല കമ്മിഷനിലേക്ക് ഗുണമേന്മ പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു.

നിലവിലെ അളവിൽ ഇരുമ്പിന്റെ അംശം തുടർന്നാൽ അത് ജലജീവികളെയും ഹാനികരമായി ബാധിക്കും. ഈ കറുത്തു കലങ്ങിയ വെള്ളത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാൽ സിയാങ് നദിയിലെ പ്രശ്നത്തിനു പിന്നിൽ ചൈനയാണെന്നാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പറയുന്നത്. ചൈനയുമായി ഇതുസംബന്ധിച്ചു ചർച്ച നടത്തണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.

നവംബർ–ഫെബ്രുവരി സമയം തെളിനീരു പോലെ ഒഴുകേണ്ടതാണ് സിയാങ്ങിലെ ജലം. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി നദിയിലെ ജലം കറുത്തിരുണ്ടാണ്. ജലത്തിൽ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വൻ തോതിൽ കാണപ്പെടുന്നുണ്ട്. ചൈനയുടെ ഭാഗത്തു നിന്ന് വൻതോതിൽ ഭൂമി കുഴിക്കുകയോ ഇളക്കിമറിക്കുകയോ ചെയ്യാതെ ഇത്തരത്തിൽ നദിയിലെ ജലത്തിനു മാറ്റം സംഭവിക്കില്ലെന്നാണ്  ഈസ്റ്റ് സിയാങ് ജില്ലാ ഭരണകൂടം പറയുന്നത്. രാജ്യാന്തര സംഘം ഇക്കാര്യം അന്വേഷിച്ചു തീരുമാനമെടുക്കണമെന്നും അവർ പറയുന്നു.

ടിബറ്റിലൂടെ 1600 കിലോമീറ്റർ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കഭാഗത്തെവിടെയോ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ മൂലമാണ് ജലം മലിനമായതെന്നു കരുതുന്നു. 1000 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമിച്ച് നദിയുടെ ദിശ വഴിമാറ്റി വിട്ട് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ തക‍്‍ലമകാൻ മരുഭൂമിയിലേക്കു ജലമെത്തിക്കാനുള്ള ശ്രമങ്ങൾ ചൈന തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈന ഇതു നിഷേധിച്ചെങ്കിലും നദിയുടെ ഇപ്പോഴത്തെ അവസ്ഥ ഈ സംശയം ബലപ്പെടുത്തുന്നു. 

ബ്രഹ്മപുത്രയിലേക്ക് ഒഴുകിയെത്തുന്ന മുഖ്യനദിയാണു സിയാങ്. യാർലങ് സാങ്ബോ എന്നാണ് ടിബറ്റിൽ നദിയുടെ പേര്. ഇന്ത്യയിൽ സിയാങ് നദിക്ക് ദിഹാങ് എന്നും പേരുണ്ട്. ലോഹിത്, ദിബാങ് നദികളുമായി ചേർന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.