ബ്രിട്ടനെ ത്രസിപ്പിച്ച ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ വിടവാങ്ങി

ക്രിസ്റ്റിൻ കീലർ.

ലണ്ടൻ∙ ശീതയുദ്ധകാലത്ത് ബ്രിട്ടനെ നടുക്കിയ ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ (75) ആരവങ്ങളില്ലാതെ ലോകത്തോട് വിടപറഞ്ഞു. ബ്രിട്ടന്റെ രഹസ്യങ്ങൾ റഷ്യയിലെത്തിച്ച ‘പ്രഫ്യൂമോ’ ചാരവൃത്തിക്കേസിലെ മാദകറാണി, അവസാനകാലത്ത് തീർത്തും ദരിദ്രയായിരുന്നു. തെക്കൻ ഇംഗ്ലണ്ടിലെ ഫാൺബറോയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് മകൻ സെയ്മൊർ പ്ലാറ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി എന്ന രോഗം മൂലം ദീർഘനാളായി അവശയായിരുന്നുവെന്നാണ് പ്ലാറ്റിന്റെ കുറിപ്പ്.

1961ലാണ് മോഡലും നിശാക്ലബ് നർത്തകിയുമായിരുന്ന കീലർ ബ്രിട്ടന്റെ യുദ്ധ സെക്രട്ടറി ജോൺ പ്രഫ്യൂമോയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് അവർ സോവിയറ്റ് ഉദ്യോഗസ്ഥൻ യവഗേനി ഇവാനോവുമായും അടുപ്പമുണ്ടാക്കി. പ്രഫ്യൂമോയുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു കീലർ. ബ്രിട്ടന്റെ രഹസ്യങ്ങൾ കീലറിലൂടെ റഷ്യയിലേക്കു ചോർന്നുകൊണ്ടിരുന്നു. എന്നാൽ, യുവതിയായ കീലറും മധ്യവയസ്കനായ പ്രഫ്യൂമോയും തമ്മിലുള്ള ബന്ധത്തിനു ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസി തിരശീലയിട്ടു.

ഒരേസമയം, പല കാമുകൻമാരുണ്ടായിരുന്ന കീലർ വഴി രാജ്യത്തിന്റെ രഹസ്യങ്ങൾ ചോരുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ. സംഭവം പുറത്തറിഞ്ഞതോടെ പ്രഫ്യൂമോയുടെ രാഷ്ട്രീയഭാവി ഇരുട്ടിലായി.1963 ജൂണിൽ പ്രഫ്യൂമോ രാജിവച്ചൊഴിയേണ്ടി വന്നു. അതേവർഷം തന്നെ യുകെയിലെ സർക്കാരും രാജിവച്ചു. താൻ തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടായിരുന്നു മരണം വരെ പ്രഫ്യൂമോ സ്വീകരിച്ചത്. രാഷ്ട്രീയത്തിൽനിന്നു മാഞ്ഞെങ്കിലും പിന്നീട് സാമൂഹിക പ്രവർത്തനങ്ങളും മറ്റുമായി കഴിഞ്ഞ അദ്ദേഹം 2006ൽ മരിച്ചു.

‘രഹസ്യങ്ങളും കള്ളങ്ങളും’: കീലറുടെ ഓർമക്കുറിപ്പ്

‘സെക്സ് ഞാൻ ആസ്വദിച്ചു, പുരുഷൻമാരെ ആവശ്യാനുസരണം ഉപയോഗിച്ചു. ഞാനൊരു കപടവേഷധാരിയായിരുന്നില്ല. എന്റെ അടുത്തെത്തിയ മറ്റുള്ളവരാണു കപടവേഷം ധരിച്ചത്. അവർ അത്താഴവിരുന്നിനുള്ള വസ്ത്രങ്ങളിലും വജ്രങ്ങളിലും നിശാപാർട്ടികൾക്കുള്ള വസ്ത്രങ്ങളിലുമാണ് വിചിത്ര ഭാവനാലോകം സൃഷ്ടിച്ചിരുന്നത്’– ഓർമക്കുറിപ്പുകളിൽ കീലർ വെളിപ്പെടുത്തി.

ലണ്ടനു പുറത്തുള്ള ഉക്സ്ബ്രിഡ്ജിൽ 1942 ഫെബ്രുവരി 22നാണു കീലറിന്റെ ജനനം. രണ്ടാം ലോകയുദ്ധകാലത്തു പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാവാതെ 16–ാം വയസ്സിൽ കീലർ നാടുവിട്ടു. എങ്ങനെയും കാശുണ്ടാക്കണമെന്നായിരുന്നു ചിന്ത. ലണ്ടന്‍ നഗരത്തിലെ നിശാക്ലബിൽ മാദക നർത്തകിയായി. അവിടെവച്ചു തിരുമ്മു ചികിൽസാ വിദഗ്ധൻ സ്റ്റീഫൻ വാർഡിനെ പരിചയപ്പെട്ടു.

വാർഡിനൊപ്പം സമൂഹത്തിലെ ഉന്നതരുമായി ചങ്ങാത്തവും പ്രണയവും. കീലർക്കുവേണ്ടി കാമുകൻമാർ വെടിയുതിർത്തതും ചരിത്രം. വാർഡ് ആണ് കീലറെ പ്രഫ്യൂമോയ്ക്കു പരിചയപ്പെടുത്തിയത്. ആ പരിചയപ്പെടുത്തലാണ് ‘നൂറ്റാണ്ടിലെ വിവാദമായി’ വളർന്നത്.

സൗന്ദര്യം മങ്ങി, ജീവിതത്തിന്റെ പ്രഭ കെട്ടു

കേസും കോടതിയുമായി കീലറുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം വക്കീലൻമാർക്കു നൽകേണ്ടിവന്നു. പിന്നീടു സിനിമകളിൽ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പ്രായമേറി സൗന്ദര്യം മങ്ങിയതോടെ പഴയ അടുപ്പക്കാർ കണ്ടാൽ മിണ്ടില്ലെന്നായി. പൂർണനഗ്നയായി കസേരയിൽ പിണഞ്ഞിരിക്കുന്ന കീലറുടെ ചിത്രം 1960കളെ ത്രസിപ്പിച്ചിരുന്നു. അതെല്ലാം മങ്ങിയ ഓർമകൾ മാത്രമായി.

തന്റെ മുൻകാലത്തെ തള്ളപ്പറഞ്ഞില്ലെങ്കിലും കീലർക്കു പശ്ചാത്താപമുണ്ടായിരുന്നു. ആറു മാസത്തോളം തടവിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയ കീലർ പഴയ ചരിത്രത്തിൽനിന്നു രക്ഷപ്പെടാൻ ആത്മാർഥമായ ശ്രമം നടത്തി. ദീർഘനാൾ സ്ലൊവേൻ എന്ന പേരു സ്വീകരിച്ചു. പിന്നീട് രണ്ടു വിവാഹങ്ങൾ കഴിച്ചെങ്കിലും വേർപിരിഞ്ഞു. രണ്ട് ആൺമക്കളുണ്ടായി. മക്കൾ കീലറുടെ ഇരുണ്ട ഭൂതകാലത്തെ വെറുത്തു. കീലറുമായി കാര്യമായ ബന്ധം ഇരുവരും പുലർത്തിയുമില്ല.

ക്രിസ്റ്റീൻ കീലർ ലണ്ടനിലെ വസതിക്കു മുന്നിൽ (1964ലെ ചിത്രം)

അവസാന കാലത്ത് തീർത്തും ദാരിദ്ര്യത്തിലായിരുന്നു കീലറിന്റെ ജീവിതം. പരസ്യമേഖലയിലും സ്കൂളിലെ കഫറ്റീരിയയിലും റിസപ്ഷനിസ്റ്റായും അവർ പല ജോലികളെടുത്തു. ‘ഒരു കുറ്റവാളിക്കുപോലും പുതിയ ജീവിതം ആരംഭിക്കാനുള്ള അവകാശമുണ്ട്. എന്നാൽ എനിക്കതുണ്ടാവരുതെന്ന് അവർ ഉറപ്പിച്ചിരുന്നു. വേശ്യയെന്നു പലവട്ടം വിളിച്ചു. എങ്ങനെയാണ് ആ പേരുമായി ഒരാൾ ജീവിക്കുക. എല്ലാവരുടെയും പാപങ്ങൾ ഞാൻ ഏറ്റെടുത്തു’– 2001ൽ ബ്രിട്ടന്റെ ഒബ്സർവർ പത്രത്തോട് കീലർ പറഞ്ഞു.