ഗുജറാത്ത് തിരഞ്ഞെടുപ്പ്: രാജ്കോട്ട് വെസ്റ്റിലേത് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം

ഇന്ദ്രനീൽ രാജ്ഗുരു, വിജയ് രൂപാണി

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം രാജ്കോട്ട് വെസ്റ്റിലേത്. ബിജെപിയുടെ കരുത്തുറ്റ കോട്ടയായ ഇവിടെ മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടുന്നതു രാജ്കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎൽഎ ഇന്ദ്രനീൽ രാജ്ഗുരുവാണ്. ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ സാമാജികനാണ് രാജ്ഗുരു.

രാജ്കോട്ട് – രണ്ട് എന്നാണ് മണ്ഡലം നേരത്തേ അറിയപ്പെട്ടിരുന്നത്. ബിജെപിയുടെ സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന ഇവിടെ 1985നു ശേഷം ബിജെപിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് മണ്ഡലം പോളിങ് ബൂത്തിലേക്കു പോകുന്നത്.

അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടാൻ കരുത്തനെത്തന്നെ ലഭിച്ചതിൽ വലിയ ഉൽസാഹത്തിലാണു കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്കോട്ട് ഈസ്റ്റിൽ ബിജെപിയെ തറപറ്റിച്ചയാളാണ് ഇന്ദ്രനീൽ രാജ്ഗുരു. 141 കോടി രൂപയുടെ ആസ്തിയാണ് രാജ്ഗുരുവിനുള്ളത്. രാജ്ഗുരുവിന്റെ പ്രചാരണാർഥം വച്ചിരിക്കുന്ന പോസ്റ്ററുകളിലും മറ്റും അദ്ദേഹത്തിന്റെ ചിത്രം മാത്രമേ വച്ചിട്ടുള്ളൂ. സോണിയ ഗാന്ധിയോ രാഹുലോ പോലുമില്ല.

എന്നാൽ മണ്ഡല ചരിത്രം കോൺഗ്രസിന് അനുകൂലമല്ല 1985നു ശേഷം ഇവിടെ കോൺഗ്രസ് ജയിച്ചിട്ടല്ല. 1985 മുതൽ 2012 വരെ ഏഴു തവണ ഇവിടെനിന്ന് ബിജെപിയെ പ്രതിനിധീകരിച്ചത് കർണാടക ഗവർണർ വാജുഭായ് വാലയാണ്. 1985ൽ ഹർഷദ്ബ ചൂഡാസാമയെ പരാജയപ്പെടുത്തിയാണു മണ്ഡലം വാജുഭായ് വാല ബിജെപി കോട്ടയാക്കി മാറ്റിയത്. 2002ൽ നരേന്ദ്ര മോദിക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് മോദി മണിനഗർ മണ്ഡലത്തിലേക്കു മാറിയപ്പോൾ വാല തിരിച്ചെത്തി. 2012ലാണ് വാല മൽസരരംഗത്തുനിന്നു പിന്മാറിയത്. അന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയ് രൂപാണി വിജയിക്കുകയും ചെയ്തു.

ആർഎസ്എസിന്റെ ശക്തികേന്ദ്രമാണ് രാജ്കോട്ട് വെസ്റ്റ്. പട്ടേൽ സമുദായത്തിന്റേതും. 3.15 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ കദ്‌വ, ല്യുവ പട്ടേൽ വിഭാഗങ്ങൾ ആകെ 62,000ത്തോളം വരും. തൊട്ടുപിന്നാലെ ബ്രാഹ്മണർ, ലൊഹാന, ജെയ്ൻ സമുദായക്കാരും. ബിജെപിയോടുള്ള പട്ടേൽ വിഭാഗക്കാരുടെ രോഷം തങ്ങൾക്കനുകൂല വോട്ടാക്കി മാറ്റാനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.