നാണംകെട്ട രാഷ്ട്രീയത്തെക്കുറിച്ച് ഉത്തരം നൽകൂ: കേന്ദ്രമന്ത്രി ഹെഗ്ഡെയോട് പ്രകാശ് രാജ്

ചെന്നൈ∙ ഹിന്ദുത്വവും ദേശീയതയും താരതമ്യം ചെയ്ത കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയ്ക്കു വിമർശനവുമായി നടൻ പ്രകാശ് രാജ്. ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ആശയം ഒന്നാണെന്ന പ്രസ്താവനയിൽ വിശദീകരണം നൽകണമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ദേശീയതയും ഹിന്ദുത്വവും രണ്ടു വ്യത്യസ്ത സംഭവങ്ങളാണെന്നും എന്നാൽ ആശയം ഒന്നാണെന്നുമാണ് നിങ്ങൾ പറഞ്ഞത്. ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെന്താണ്? അഹിന്ദുക്കളെയും അംബേദ്കറിനെയും അബ്ദുൽ കലാമിനെയും എ.ആർ.റഹ്മാനെയും ഖുഷ്‌വന്ത് സിങ്ങിനെയും, അമൃത പ്രീതത്തെയും ഡോ.വർഗീസ് കുര്യനെയും പോലുള്ളവരുടെ കാര്യം അപ്പോഴെന്താകുമെന്നും പ്രകാശ് രാജ് ചോദിക്കുന്നു.

‘എന്നെപ്പോലെ മതമില്ലാതെ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവരുടെ കാര്യമെന്താകും? നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരല്ലേ? നിങ്ങളാരാണ്, നിങ്ങളുടെ കാര്യപരിപാടിയെന്താണ്. ജർമൻ ഏകാധിപതി ഹിറ്റ്ലറിന്റെ പുനർജന്മമാണോ നിങ്ങൾ?’– പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

ദേശീയതയേയും ഹിന്ദുത്വത്തെയും കുറിച്ച് ഹെഗ്ഡെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ വിഡിയോയും പ്രകാശ് രാജ് ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇസ്‌ലാമിനെ ലോകത്തുനിന്നു തുടച്ചുനീക്കണമെന്നാണ് മന്ത്രി പറയുന്നതെന്നും പ്രകാശ് രാജ് പറയുന്നു. മറ്റൊരു ട്വീറ്റിൽ മതേതര രാജ്യമായ ഇന്ത്യയിലെ മന്ത്രിയുടെ പരിപാടികൾ വിശകലനം ചെയ്യണമെന്നും രാജ് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെയും അസഭ്യമായ രാഷ്ട്രീയത്തെക്കുറിച്ചും ചോദ്യം ചെയ്യുന്നു.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തിൽ നിലപാടു വ്യക്തമാക്കാത്ത പ്രധാനമന്ത്രിക്കെതിരെയും പ്രകാശ് രാജ് നേരത്തെ ആഞ്ഞടിച്ചിരുന്നു. സെപ്റ്റംബറിൽ ബെംഗളൂരുവിലെ വീടിനു മുന്നിൽ വച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിക്കുന്നത്.