ഡൽഹി ഇന്നലെ ശ്വസിച്ചത് മൂന്നു വർഷത്തെ ഡിസംബറിലെ ‘സാധാരണ’ വായു

ന്യൂഡൽഹി∙ മൂന്നു വർഷത്തിനിടയിലെ ഡിസംബർ മാസത്തെ ‘സാധാരണ’ വായുവാണ് ഡൽഹി വ്യാഴാഴ്ച ശ്വസിച്ചതെന്ന് റിപ്പോർട്ട്. വായുമലിനീകരണത്തോത് കുറഞ്ഞ് ഡൽഹി സാധാരണ നിലയിലേക്കു മാറുന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ മലിനീകരണ നിരീക്ഷണ ഏജൻസികൾ കാണുന്നത്. വായുശുദ്ധിയുടെ കാര്യത്തിൽ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡൽഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എൻസിആർ). വ്യാഴാഴ്ച നാലുമണിക്ക് ഡൽഹിയിൽ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒൻപതുമണി വരെ അതു തുടർന്നുവെന്നും അധികൃതർ പറഞ്ഞു.

ഒക്ടോബർ ഏഴിനുശേഷം ഈ വർഷം ഇതാദ്യമായാണു ഡൽഹി – എൻസിആർ മേഖലയിലെ ജനങ്ങൾ സാധാരണ വായു ശ്വസിക്കുന്നത്. കാറ്റിനും നല്ല വേഗമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യം കത്തിക്കുന്നതും മറ്റുമുള്ള മലിനീകരണ കാരണങ്ങൾക്കു കൃത്യമായ നിയന്ത്രണം പാലിക്കാനും കഴിഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എ. സുധാകർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു.

ഫിറോസ്ഷാ കോട്‌ലയിൽ നടന്ന ഇന്ത്യ – ശ്രീലങ്ക മൽസരത്തിനിടെ ലങ്കൻ താരങ്ങൾ കളിക്കളത്തിൽ മാസ്ക് ധരിച്ച് ഇറങ്ങിയതോടെ മലിനീകരണ നിയന്ത്രണം കർശനമായി പാലിക്കാൻ കടുത്ത നിർദേശം നൽകിയിരുന്നു. മാലിന്യമിടുന്ന സ്ഥലങ്ങളിൽ തീ ഉയരാതിരിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചു. നേരത്തെ, അങ്ങനെ തീകത്തുമ്പോൾ പൂർണമായി അണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 48 മണിക്കൂർ വേണമായിരുന്നുവെന്നും സുധാകർ കൂട്ടിച്ചേർത്തു.