വാക്കുതർക്കത്തിനിടെ സിആർപിഎഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവച്ചുകൊന്നു

സിആർപിഎഫ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്ത സംഭവമറിഞ്ഞ് തടിച്ചുകൂടിയവർ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ഭോപ്പാൽ ∙ ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ മൂന്ന് ഓഫിസർമാർ ഉൾപ്പെടെ നാലു സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇവരുമായി ഉടലെടുത്ത കടുത്ത വാക്കുതർക്കത്തിനു പിന്നാലെ പ്രകോപിതനായാണ് ജവാന്‍ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത്. ദക്ഷിണ ബസ്തറിലെ ബസാഗുഡയിലുള്ള 168–ാം ബറ്റാലിയനിലെ ജവാനായ ശാന്ത്റാമാണ് വെടിവയ്പ് നടത്തിയത്.

രണ്ടു സബ് ഇൻസ്പെക്ടർമാരും ഒരു എഎസ്ഐയും ഒരു ജവാനുമാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഇവർക്കിടയിൽ ഉടലെടുത്ത വാക്കുതർക്കത്തിനിടെ പ്രകോപിതനായ ശാന്ത്റാം ഓഫിസർമാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവരമറിഞ്ഞ് സിആർപിഎഫിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സബ് ഇൻസ്പെക്ടർമാരായ വി.കെ. ശർമ, മേഘ് സിങ്, എഎസ്ഐ രാജ്‌വിർ സിങ്, കോൺസ്റ്റബിള്‍ ജി.കെ. റാവു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കോൺസ്റ്റബിൾ ഗജാനന്ദിനെ ആശുപത്രിയിലേക്കു മാറ്റി. അക്രമം കാട്ടിയ സിആർപിഎഫ് ഉദ്യോഗസ്ഥനെ കസ്റ്റ‍ഡിയിലെടുത്തു. പത്തുവർഷമായി സിആർപിഎഫിൽ ഉദ്യോഗസ്ഥനാണു ശാന്ത്റാം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.