രണ്ട് ഗോളടിച്ച്, അഞ്ചു ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് വൻ തോൽവി

മഡ്ഗാവ് ∙ സീസണിലാദ്യമായി ഹോം മൈതാനത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് എതിരാളികളുടെ കോട്ടയിലേക്ക് പട നയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ ഗോൾമഴയിൽ മുക്കി എഫ്സി ഗോവ. ഗോളടിക്കുന്നില്ലെന്ന പോരായ്മ നികത്തിയെങ്കിലും ഗോൾ വഴങ്ങാറില്ലെന്ന സൽപ്പേരു കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ തകർത്തു കളഞ്ഞത്. മൽസരത്തിന്റെ ഏഴാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസിന്റെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

സീസണിലെ രണ്ടാം ഹാട്രിക്ക് സ്വന്തമാക്കിയ സ്പാനിഷ് താരം ഫെറാൻ കോറമിനസാണ് ‘ബ്ലാസ്റ്റേഴ്സ് വധ’ത്തിൽ മുന്നിൽനിന്നത്. രണ്ടാം പകുതിയിൽ എട്ടു മിനിറ്റിനിടെയാണ് കോറോ (47, 51, 54) ഹാട്രിക്ക് തികച്ചത്. ലാൻസറോട്ടെ നേടിയ ഇരട്ടഗോളുകളാണ് ആദ്യ പകുതിയിൽ ഗോവയ്ക്ക് കരുത്തായത്. 9, 18 മിനിറ്റുകളിലായിരുന്നു ലാൻസറോട്ടെയുടെ ഗോളുകൾ. സിഫ്നിയോസിന്റെ ഏഴാം മിനിറ്റിലെ ഗോളിനു പിന്നാലെ ജാക്കിചന്ദ് സിങ്ങാണ് (30) ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. മൽസരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവ് പരുക്കേറ്റ് തിരിച്ചുകയറിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

വിജയത്തോടെ നാലു കളികളിൽനിന്ന് ഒൻപതു പോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. സീസണിലെ ആദ്യ തോൽവി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സാകട്ടെ നാലു കളികളിൽനിന്ന് നാലു മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു.