പശുക്കടത്ത്: പൊലീസ് പിന്തുടർന്നു വെടിവച്ചു, ഒരാൾ കൊല്ലപ്പെട്ടു

ജയ്പുർ∙ രാജസ്ഥാനിൽ പശുക്കടത്തിന്റെ പേരിൽ വീണ്ടും മരണം. ആൽവാർ ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഹരിയാന സ്വദേശി താലിം (22) ആണു കൊല്ലപ്പെട്ടത്. ജൻത കോളനിയിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏഴോളം പേരടങ്ങുന്ന സംഘം മോഷ്ടിച്ച മിനി ട്രക്കിൽ പശുക്കളെ കടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അലഞ്ഞു തിരിയുന്ന പശുക്കളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ട്രക്ക് തടയാൻ ശ്രമിച്ചപ്പോൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു കൺട്രോൾ റൂമിൽ വിവരമറിയിച്ച പൊലീസ് സംഘം ട്രക്കിനെ പിന്തുടർന്നു. പൊലീസ് തിരിച്ചു വെടിവച്ചതിനെത്തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും ആൽവാർ എസ്പി രാഹുൽ പ്രകാശ് അറിയിച്ചു. ട്രക്ക് പരിശോധനയിലാണു താലിമിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അഞ്ചു പശുക്കളെ ട്രക്കിൽ കണ്ടെത്തി. ഒരെണ്ണം ചത്ത നിലയിലായിരുന്നു. ഒരു നാടൻ തോക്ക്, മൊബൈൽ, ഡയറി, വെടിയുണ്ടകൾ എന്നിവ ട്രക്കിൽനിന്നു കണ്ടെത്തി. ശബ്ദമുണ്ടാക്കാതിരിക്കാൻ പശുക്കളെ ആസിഡ് കുടിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. മോഷ്ടിച്ച ട്രക്കിന്റെ ഷാസി നമ്പർ മറച്ച നിലയിലായിരുന്നു.

ഏറ്റുമുട്ടൽ കൊലപാതകത്തെപ്പറ്റി സിഐഡി–സിബി വിഭാഗം അന്വേഷിക്കുമെന്നു ഡിജിപി അറിയിച്ചു. സുപ്രീംകോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും നിർദേശങ്ങളുള്ള സാഹചര്യത്തിലാണിത്. രാജസ്ഥാനിലെ സർക്കാർ ഡോക്ടർമാർ കൂട്ട അവധിയിലായതിനാൽ പോസ്റ്റ്മോർട്ടം നടത്താനായിട്ടില്ല. നടപടികൾ പൂർത്തിയാക്കി ‍ഞായറാഴ്ച മൃതദേഹം വിട്ടുകൊടുക്കും.

ആൽവാറിൽത്തന്നെ ഇക്കഴിഞ്ഞ ഏപ്രിലിൽ ക്ഷീരകർഷകനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. മുപ്പത്തിയഞ്ചുകാരനായ ഉമ്മർ ഖാനെ ഇക്കഴിഞ്ഞ നവംബറിൽ ഗോസംരക്ഷകർ വെടിവച്ചു കൊലപ്പെടുത്തിയതും വിവാദമായിരുന്നു.