കോൺഗ്രസ് ബന്ധം തള്ളി കാരാട്ട് പക്ഷം; ഇടതുപക്ഷം ശക്തിപ്പെടുത്തൽ ലക്ഷ്യം

ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടിയോട് സ്വീകരിക്കേണ്ട സമീപനം പൊളിറ്റ് ബ്യൂറോയിൽ കീറാമുട്ടി ആയതോടെ നിലപാടിൽ വ്യക്തത വരുത്തി പ്രകാശ് കാരാട്ട് പക്ഷം. കോൺഗ്രസുമായി സഖ്യമോ രാഷ്ട്രീയ ധാരണയോ പാടില്ല. പക്ഷേ, പരോക്ഷ നീക്കുപോക്കുകൾ തള്ളിക്കളയില്ല. ഇടതുപക്ഷം ശക്തമല്ലാത്ത സ്ഥലങ്ങളിൽ മറ്റു മതേതര പാർട്ടികളെ സഹായിക്കും. ബിജെപിയെ പരാജയപ്പെടുത്തലും ഇടതുപക്ഷം ശക്തിപ്പെടുത്തലുമാണ് മുഖ്യലക്ഷ്യമെന്നും കാരാട്ടു പക്ഷം വ്യക്തമാക്കുന്നു. പൊളിറ്റ് ബ്യൂറോയിൽ പത്തംഗങ്ങൾ പ്രകാശ് കാരാട്ടിനെ പിന്തുണച്ചപ്പോൾ നാലുപേർ മാത്രമാണ് ജനറൽ സെക്രട്ടറിയായ സീതാറാം യച്ചൂരിയെ അനുകൂലിച്ചത്.

∙ രണ്ടു സമീപനങ്ങൾ

ബൂർഷ്വ – ഭൂവുടമ പാർട്ടികളുമായി സഖ്യവും മുന്നണിയും വേണ്ടെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിർത്തുന്ന ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം മതിയെന്നുമാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തയാറാക്കിയ കരടു രാഷ്‌ട്രീയപ്രമേയത്തിൽ പറഞ്ഞത്. ബദൽ രേഖയിൽ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും വാദിച്ചതു കോൺഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ വേണ്ടെന്നാണ്. അതായത്, കോൺഗ്രസുമായി നേരിട്ടു സഖ്യമോ മുന്നണിയോ ഇല്ല. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്ന പ്രാദേശിക കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കും. സിപിഎം ശക്‌തമല്ലാത്തിടത്തു ബിജെപിക്കെതിരെ കോൺഗ്രസിനു വോട്ടു ചെയ്യും.

∙ തർക്കം വ്യക്‌തിനിഷ്‌ഠം?

കോൺഗ്രസുകൂടി ഉൾപ്പെടുന്ന പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ മാത്രമേ ബിജെപിയെ താഴെയിറക്കാൻ സാധിക്കൂവെന്നതിൽ ഇരുപക്ഷത്തിനും തർക്കമില്ല. എന്നിട്ടും, പലതവണ ശ്രമിച്ചിട്ടും നിലപാടുകളിൽ യോജിപ്പിലെത്താൻ പറ്റുന്നില്ല. യച്ചൂരിയുടേതു പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കാത്ത കോൺഗ്രസ് അനുകൂല സമീപനമാണെന്നു കാരാട്ടുപക്ഷം വാദിക്കുന്നു. അതിനെ ചെറുക്കുന്നതിനാണു ബദൽ രേഖ കൊണ്ടുവന്നത്. എന്നാൽ, കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ വിശാഖപട്ടണത്തു യച്ചൂരി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ക്ഷീണം തീർക്കൽ കാരാട്ടും കൂട്ടരും തുടരുകയാണെന്നു യച്ചൂരിപക്ഷം ആരോപിക്കുന്നു. അതായത്, കാരാട്ടുപക്ഷത്തിനു പിബിയിൽ അംഗബലം കൂടുതലായതിനാൽ, യച്ചൂരിയെ എതിർക്കാൻവേണ്ടി എതിർക്കുന്നു. ഇതു വ്യക്‌തിനിഷ്‌ഠമാണ്. നിലപാടു തള്ളപ്പെട്ട നിലയിലാവണം ജനറൽ സെക്രട്ടറി അടുത്ത പാർട്ടി കോൺഗ്രസിന് എത്തുന്നതെന്ന സ്‌ഥിതിയുണ്ടാക്കാനും ശ്രമിക്കുന്നു.