ലക്നൗവിലെ ആശുപത്രിയിൽ തീപിടിത്തം; രോഗികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

Representational image

ലക്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിലുള്ള സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. 50ൽ അധികം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നുമണിക്കൂറോളം നീണ്ട പ്രയത്നത്തിനുശേഷമാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. ആശുപത്രിയുടെ റിസെപ്ഷനിലുള്ള യുപിഎസ്സിനു തീപിടിക്കുകയായിരുന്നു. ഇതാണു മറ്റു മേഖലകളിലേക്കു പടർന്നത്.

തീപിടിത്ത സമയത്ത് 12ലധികം രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നു. വാർഡുകളിലെ കടുത്ത പുകയ്ക്കിടയിലൂടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെയും ആശുപത്രിയധികൃതർ പുറത്തെത്തിച്ചു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.