മാൻഹട്ടിനിലേത് ഭീകരാക്രമണം, പിന്നിൽ ബംഗ്ലദേശ് സ്വദേശി: ന്യൂയോർക്ക് പൊലീസ്

പൊട്ടിത്തെറിയുണ്ടായ ന്യൂയോർക്ക് പോർട്ട് അതോറിറ്റി ബസ് ടെർമിനലിൽ സുരക്ഷയൊരുക്കുന്ന പൊലീസ്

ന്യൂയോർക്ക് ∙ മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിലുണ്ടായ പൊട്ടിത്തെറി ഭീകരാക്രമണമാണെന്ന് മേയർ. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിൽ തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. ശരീരത്തിൽ ബോംബ് ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ചാവേറിന് ഗുരുതരമായി പരുക്കേറ്റു. യാത്രക്കാരായ മൂന്നു പേർക്കും പരുക്കേറ്റിട്ടുണ്ട്.

ദേഹത്തു വയറുകൾ ഘടിപ്പിച്ച നിലയിൽ ചാവേറിനെ ന്യൂയോർക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അകയേദ് ഉല്ലാ എന്ന ബംഗ്ലദേശ് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഇരുപതുവയസ്സുകാരനായ അകയേദ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് നിഗമനം.

പ്രാദേശിക സമയം രാവിലെ ഏഴോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. 7.19നാണ് തങ്ങൾക്ക് ഇതുസംബന്ധിച്ച ഫോൺസന്ദേശം ലഭിച്ചതെന്ന് ന്യൂയോർക്ക് അഗ്നിശമന സേനാവിഭാഗം അറിയിച്ചു. പൈപ്പ് ബോംബാകാം പൊട്ടിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഓരോ വർഷവും ആറു കോടിയിലേറെപ്പേർ യാത്ര ചെയ്യുന്ന ബസ് ടെർമിനലാണിത്. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുമുണ്ട്.

കഴിഞ്ഞ വർഷവും മാൻഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിൽ സ്ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറിൽ നടന്ന ഈ സംഭവത്തിൽ അഫ്ഗാൻ വംശജനായ യുഎസ് പൗരനെ അറസ്റ്റു ചെയ്തിരുന്നു.