മൻഹാറ്റനിൽ പിടിയിലായ ഭീകരന്റെ പോസ്റ്റ്: ‘ട്രംപ് നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു’

സ്ഫോടനം നടന്ന സബ് വേ പൊലീസ് കാവലിൽ.

ന്യൂയോർക്∙ തിരക്കേറിയ മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപം ചാവേർ സ്ഫോടനം നടത്താൻ ശ്രമിച്ചയാൾക്കെതിരെ ഭീകരവാദകുറ്റം ചുമത്തി. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27)യ്ക്കെതിരെയാണു കേസ്. ഐഎസ് അനുഭാവിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാൻ ശ്രമിച്ചത്.

സംഭവത്തിൽ മൂന്നു പേർക്കു പരുക്കേറ്റിരുന്നു. ഉല്ല ദേഹത്തു പൈപ്പ് ബോംബ് കെട്ടിവച്ചാണു സ്ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു. നാടൻ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. സ്ഫോടനത്തിൽ ഇയാൾക്കും പരുക്കേറ്റു. ടൈംസ് സ്ക്വയറിനു സമീപം ബസ് ടെർമിനലും മെട്രോ സ്റ്റേഷനും ഉൾപ്പെടുന്ന പോർട് അതോറിറ്റി അടിപ്പാതയിലായിരുന്നു സ്ഫോടനം. 

ബോംബ് സ്ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉല്ല യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതായും പൊലീസ് പറയുന്നു. ‘നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ ട്രംപ്, നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. പിടിയിലായ ഭീകരന് ബംഗ്ലദേശിൽ ഭാര്യയും കുഞ്ഞുമുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റുവിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഗുരുതര പരുക്കേറ്റ ഉല്ല ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഒറ്റയ്ക്കാണു കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറ‍‌ഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മരിക്കാൻ ഒരുങ്ങിയാണ് താൻ എത്തിയതെന്ന് ഉല്ല പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഐഎസുമായി ബന്ധമുണ്ടെന്നു സമ്മതിച്ച ഇയാൾ ഗാസയിലെ ഇസ്രയേൽ‌ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സ്ഫോടനത്തിനിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്. ഭീകരസംഘടനകളൊന്നും ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.