കണ്ണൂർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടിത്തം; രോഗികളെ മാറ്റി

തീപിടിത്തമുണ്ടായ തളിപ്പറമ്പ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

തളിപ്പറമ്പ്∙ കണ്ണൂർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.15 ഓടെ ഉണ്ടായ അഗ്നിബാധയെതുടർന്ന് ആശുപത്രിയിലെ മുഴുവൻ രോഗികളെയും മാറ്റി. ഫാർമസിയിൽനിന്നാണ് തീപിടിത്തമുണ്ടായത്. ഏഴു നിലകളിലുള്ള ആശുപത്രിക്കുള്ളിൽ മുഴുവൻ പുക നിറഞ്ഞതിനെ തുടർന്ന് രോഗികൾ പരിഭ്രാന്തരായി. കുതിച്ചെത്തിയ അഗ്നിശമനസേനയും സമീപവാസികളും ചേർന്നാണ് ആശുപത്രിക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

മുകൾ നിലകളിൽനിന്ന്  ജനൽ ഗ്ലാസുകൾ തകർത്തു മറ്റും പുറത്തു ചാടാൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരെ രക്ഷാപ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന നൂറോളം രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റി. ആർക്കും പരുക്കേറ്റിട്ടില്ല. ലിഫ്റ്റിനു സമീപത്തും പുറത്തേക്കുള്ള വഴിയിലും പുക നിറഞ്ഞതിനാൽ ഏറെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവർത്തകർ രോഗികളെ പുറത്തെത്തിച്ചത്. ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി, എസ്പി ശിവവിക്രം, ഡിവൈഎസ്പി വേണുഗോപാൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു.