മുതിർന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരൻ അന്തരിച്ചു

കാസർകോട്∙ ബിജെപിയുടെ മുതിർന്ന നേതാവും പാർട്ടി ദേശീയ സമിതി അംഗവുമായ മടിക്കൈ കമ്മാരൻ(79) അന്തരിച്ചു. കുറച്ചു നാളുകളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. അവിവാഹിതനാണ്. 

സോഷ്യലിറ്റ് പാർട്ടിയിൽനിന്നു ബിജെപിയിലെത്തിയ നേതാവാണ് കമ്മാരൻ. അടിയന്തിരാവസ്ഥ കാലത്ത് ലോകസംഘർഷ സമിതി ഹൊസ്ദുർഗ് താലൂക്ക് കൺവീനറായും 1980 ൽ ബിജെപിയുടെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1983 ൽ നടന്ന കാസർകോട് ജില്ലാ രൂപീകരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. 

83 മുതല്‍ 87 വരെ ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ്, തുടർന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി , വൈസ് പ്രസിഡന്റ് സ്ഥാനങ്ങ‍ൾ വഹിച്ചു. ബിജെപി തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, വയനാട്, കൊല്ലം ജില്ലകളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ദീർഘകാലമായി ദേശീയ സമിതിയംഗമാണ്.

കമ്മാരന്റെ വിയോഗം രാഷ്ട്രീയ കേരളത്തിനു നഷ്ടം: കുമ്മനം

തിരുവനന്തപുരം ∙ ജീവിതം മുഴുവൻ സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനത്തിന് ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ബിജെപി നേതാവ് മടിക്കൈ കമ്മാരന്‍റേതെന്ന് കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന് ജനസംഘത്തിലും തുടർന്ന് ബിജെപിയിലും പ്രവർത്തിച്ച അദേഹം മലബാർ മേഖലയിൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് ലോകസംഘർഷ സമിതി ഹൊസ്ദുർഗ് താലൂക്ക് കൺവീനറായി പ്രവർത്തിച്ച് 1983 ൽ നടന്ന കാസർകോട് ജില്ലാ രൂപീകരണ പ്രക്ഷോഭത്തിനും നേതൃത്വം നൽകി.

കാഞ്ഞങ്ങാട്ടെ ദരിദ്ര കുടുംബത്തിൽ ജനിച്ച കമ്മാരൻ ജീവിതാവസാനംവരെ അങ്ങനെ തുടർന്നെങ്കിലും ആശയപരമായി ഏറെ സമ്പന്നനായിരുന്നു. ജനകീയ പ്രശ്നങ്ങൾ കണ്ടെത്തി അവയെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു പ്രത്യേക കഴിവുണ്ടായിരുന്നു. ജനാധിപത്യ വിശ്വാസിയായിരുന്ന കമ്മാരൻ തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ പിശക് ബോധ്യപ്പെട്ടാൻ അത് അംഗീകരിക്കാനും തിരുത്താനും ഒട്ടും മടി കാണിക്കുകയുമില്ലായിരുന്നു.

പൊതുവേദികളിലെ അദ്ദേഹത്തിന്‍റെ ചാട്ടുളിപോലുള്ള പ്രയോഗങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പോലും ശ്രദ്ധയാകർഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനും രാഷ്ട്രീയ കേരളത്തിനും വലിയ നഷ്ടമാണെന്നും കുമ്മനം പ്രസ്താവനയിൽ അറിയിച്ചു.