കൊച്ചി പുതുവൽസര റേവ് പാർട്ടികളുടെ ഹബ്ബായി മാറുമെന്നു പൊലീസ് റിപ്പോർട്ട്

1).പൊലീസ് പിടിയിലായ മണികണ്ഠൻ, സുരേഷ്. 2). പിടിച്ചെടുത്ത മയക്കുമരുന്ന് ആംപ്യൂളുകൾ, നൈട്രോ സെപാം ഗുളികകൾ

കൊച്ചി∙ ഇത്തവണ പുതുവൽസരാഘോഷത്തിലെ രഹസ്യ റേവ് പാർട്ടികളുടെ ഹബ്ബായി കൊച്ചി മാറാൻ സാധ്യതയെന്നു രഹസ്യവിവരം. ഗോവയിലും ബെംഗളൂരുവിലും പുതുവൽസര റേവ് പാർട്ടികൾക്കു കർശന നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ ലഹരി കടത്തുകാർ കൊച്ചി കേന്ദ്രമാക്കി പാർട്ടി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണു വിവരം. സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഡസ്റ്റർ എന്ന പേരിൽ കൊച്ചിയിൽ ലഹരിവേട്ട തുടങ്ങി. 

പുതുവൽസര പാർട്ടികളിൽ വിറ്റഴിക്കാൻ തമിഴ്നാട് സ്വദേശികൾ കൊച്ചിയിലെത്തിച്ച ബ്യുപ്രിനോർഫിൻ ഇനത്തിൽപെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും മുപ്പതോളം നൈട്രോ സെപാം ഗുളികകളും സിറ്റി ഷാഡോ പൊലീസും സെൻട്രൽ പൊലീസും ചേർന്നു പിടികൂടി. കന്യാകുമാരി സ്വദേശി കുളച്ച മണി എന്ന മണികണ്ഠൻ, നാഗർകോവിൽ സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

നഗരത്തിൽ ഒൻപതു കേന്ദ്രങ്ങളിൽ ഇത്തവണ പുതുവൽസര റേവ് പാർട്ടിക്കു കോപ്പു കൂട്ടുന്നതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഗോവയിലെയും ബെംഗളൂരുവിലെയും പുതുവൽസര റേവ് പാർട്ടികൾക്കു കൊച്ചിയിൽനിന്നു പ്രത്യേക ബസിൽ ആളെയെത്തിക്കാനുള്ള നീക്കം നേരത്തേ നടന്നിരുന്നു. എന്നാൽ ഈ രണ്ടിടത്തും ഇത്തവണ കർശന നിയന്ത്രണങ്ങളുണ്ടാകുമെന്നു ബോധ്യപ്പെട്ടതോടെയാണു സംഘം കൊച്ചിയിൽ കൂടുതൽ പാർട്ടി കേന്ദ്രങ്ങൾ തുറക്കാൻ ആലോചിച്ചത്. 

ഹോട്ടലുകൾ മാത്രമല്ല, ചില ഫ്ലാറ്റുകളും ഇതിനുള്ള കേന്ദ്രമാണ്. ലഹരി ഉപയോഗിച്ചുള്ള പാർട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വഴി ആളുകളെ കണ്ടെത്തിക്കഴിഞ്ഞു. രണ്ടു ദിവസത്തേക്ക് ആവശ്യമായ ലഹരിമരുന്ന് ഉൾപ്പെടെയുള്ള പാക്കേജിനു പതിനായിരം രൂപ മുതലാണു നിരക്ക്.   ലഹരി ഉപയോക്താവ് എന്ന നിലയിൽ ഈ സമൂഹ മാധ്യമഗ്രൂപ്പുകളിൽ കയറിപ്പറ്റിയാണു പൊലീസ് വിവരം ശേഖരിച്ചത്. തമിഴ്നാട് സ്വദേശികളിലേക്ക് എത്തിയതും ഈ നീക്കത്തിലൂടെയാണ്.

പൊലീസിനു സംശയം തോന്നാതെ കടത്തിക്കൊണ്ടു വരാനും ഉപയോഗിക്കാനുമുള്ള സൗകര്യം കണക്കിലെടുത്താണ് ലഹരി മാഫിയ ആംപ്യൂൾ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു പൊലീസ് കരുതുന്നു. കാൻസർ രോഗികൾ വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപ്രിനോർഫിൻ ആപ്യൂളുകൾ അതീവ നിയന്ത്രണങ്ങളോടെയാണു കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ വിൽക്കുന്നത് എന്നതിനാൽ ഇവിടെ വൻ തോതിൽ ലഭിക്കുക എളുപ്പമല്ല. 

എന്നാൽ ഡൽഹിയിൽ നിന്ന് ഒരെണ്ണത്തിന് 30 രൂപ നിരക്കിൽ ഇവ ലഭിക്കും. ആപ്യൂളുകൾ വൻതോതിൽ ശേഖരിച്ച്, ട്രെയിൻ മാർഗം നഗരത്തിൽ എത്തിച്ച് 1500 രൂപയ്ക്കാണ് ഇവർ റേവ് പാർട്ടി സംഘങ്ങൾക്കു വിൽക്കുന്നത്.

പുതുവൽസരം പ്രമാണിച്ചുള്ള ലഹരിപിടിത്തത്തിനായി ക്രൈം ഡിറ്റാച്ച്മെന്റ് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സിഐ എ. അനന്തലാൽ, ഷാഡോ എസ്ഐ ഹണി കെ. ദാസ് എന്നിവരുൾപ്പെട്ട സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. നഗരത്തിലേക്ക് സ്ഥിരമായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും കടത്തുന്നവരുടെ നീക്കങ്ങൾ സൈബർ സെൽ വഴിയും നിരീക്ഷിക്കുന്നുണ്ട്.