ആലുവയിൽ മെട്രോയുടെ തൂണിലേക്ക് കാർ ഇടിച്ചുകയറി: മൂന്നു മരണം

രാജേന്ദ്ര പ്രസാദ്, അരുൺ പ്രസാദ്, ചന്ദ്രൻ നായർ

ആലുവ∙ ദേശീയപാതയിൽ മുട്ടം തൈക്കാവിനു സമീപം നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ച് അച്ഛനും മകനും അടക്കം മൂന്നുപേർ മരിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് പെരുമ്പായിക്കാട് നട്ടാശേരി തല‌വനാട്ട് മഠത്തിൽ ടി.ടി. രാജേന്ദ്രപ്രസാദ് (59), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദിന്റെ മകളുടെ ഭർതൃപിതാവ് നട്ടാശേരി ആലപ്പാട്ട് വീട്ടിൽ എ.എസ്. ചന്ദ്രൻ നായർ (63) എന്നിവരാണു മരിച്ചത്. മലയാള മനോരമ എഡിറ്റോറിയൽ ലൈബ്രറി ജീവനക്കാരനായിരുന്നു ടി.ടി. രാജേന്ദ്രപ്രസാദ്. മകൻ അരുൺ പ്രസാദ് മനോരമ ഓൺലൈനിൽ സീനിയർ ഡിസൈനറായിരുന്നു.

അപകടത്തിൽ തകർന്ന കാർ.

പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. റോഡിലെ മീഡിയനിൽ മെട്രോ തൂണിനു കവചമായി സ്ഥാപിച്ച ഇരുമ്പു വേലിയിൽ തട്ടിയ ശേഷമാണു കാർ തൂണിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. രാജേന്ദ്രപ്രസാദാണു കാർ ഓടിച്ചിരുന്നത്. പിൻസീറ്റിലായിരുന്നു ചന്ദ്രൻ നായർ. അരുൺ പ്രസാദിനെയും ചന്ദ്രൻ നായരെയും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുട്ടം തൈക്കാവിൽ ഉറങ്ങിയിരുന്നവരാണു ശബ്ദം കേട്ടുണർന്നു രക്ഷാപ്രവർത്തനത്തിനു ആദ്യം നേതൃത്വം നൽകിയത്.

അഗ്നിശമനസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണു രാജേന്ദ്ര പ്രസാദിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ചന്ദ്രൻനായരുടെ ദുബായിൽ ജോലി ചെയ്യുന്ന മകൻ ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു നൽകി.

രാജേന്ദ്ര പ്രസാദിന്റെ ഭാര്യ കൊരട്ടി മാന്നാർ മണപ്പുറത്ത് കുടുംബാംഗം ഗീതാ പ്രസാദ്. അരുണിന്റെ ഭാര്യ: പേരൂർ കോയിപ്പുറത്ത് ആതിര വേണുഗോപാൽ (അധ്യാപിക, ലൂർദ് പബ്ലിക് സ്കൂൾ). രാജേന്ദ്രപ്രസാദിന്റെ മറ്റു മക്കൾ: അശ്വതി, അഞ്ജലി. അപകടത്തിൽ മരിച്ച രാജേന്ദ്രപ്രസാദിന്റെ പിതാവ് കെ.ആർ. തങ്കപ്പൻപിള്ള കോട്ടയം മനോരമയിലെ ജീവനക്കാരനായിരുന്നു. ചന്ദ്രൻ നായരുടെ ഭാര്യ പി.ആർ. രാധമ്മ (മഹിളാ പ്രധാൻ ഏജന്റ്). മക്കൾ: ശ്രീരാജ് ചന്ദ്രൻ (ദുബായ്), ശ്രീജിത്ത് ചന്ദ്രൻ (ഹൈദരാബാദ്). മരുമക്കൾ: അശ്വതി, സജിത. ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.