ദോക്‌ ലാ സംഘർഷം ഇന്ത്യയുമായുള്ള ബന്ധം പ്രതിസന്ധിയിലാക്കി: ചൈനീസ് മന്ത്രി

ന്യൂഡൽഹി ∙ ദോക്‌ ലായിലുണ്ടായ സംഘർഷം ഇന്ത്യ – ചൈനാ ബന്ധം കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അന്നത്തെ സംഭവത്തിൽനിന്ന് പാഠം പഠിച്ചെന്നും ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും യി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടു ചെയ്തു. റഷ്യ–ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനാണ് വാങ് യി ഇന്ത്യയിലെത്തിയത്.

നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരിക്കുകയാണ്. ബന്ധം മെച്ചപ്പെടുത്താൻ ഇരുവിഭാഗവും നടപടിയെടുത്തിരുന്നു. എന്നാൽ അത് അത്രയ്ക്കു തൃപ്തികരമല്ല. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിച്ചിട്ടുണ്ടെന്നും വാങ് യി പറഞ്ഞു.

ജൂൺ 16ന് ഇന്ത്യ–ഭൂട്ടാൻ–ചൈന അതിർത്തികൾ ഒന്നിക്കുന്ന ദോക് ലായിൽ അനധികൃതമായി ചൈന റോഡ് നിർമാണം ആരംഭിച്ചതാണ് സംഘർഷത്തിനു കാരണമായത്. 2012ലെ ഉടമ്പടി പ്രകാരം തർക്കപ്രദേശമായ ട്രൈ ജംക്‌ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കും മുൻപ് മൂന്നു രാജ്യങ്ങളുടെയും അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാൽ, ചർച്ചയോ അനുമതിയോ കൂടാതെയാണ് ചൈന ഇവിടെ റോഡു നിർമാണം തുടങ്ങിയതെന്ന് ഇന്ത്യ ആരോപിക്കുന്നു. ‘ചിക്കൻ നെക്ക്’ എന്നറിയപ്പെടുന്ന പ്രദേശത്ത് റോഡു നിർമിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വാദം. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കും സംഘർഷങ്ങൾക്കും ശേഷം ഓഗസ്റ്റിലാണ് ദോക്‌ ലാ പ്രശ്നത്തിന് അയവുവന്നത്.