ബ്രക്സിറ്റ് നടപടിക്രമങ്ങൾക്ക് പാർലമെന്റിന്റെ അനുമതി വേണം; തെരേസ മേയ്ക്ക് തിരിച്ചടി

തെരേസ മേ.

ലണ്ടൻ ∙ ബ്രക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. എല്ലാ ബ്രക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി 305ന് എതിരെ 309 വോട്ടുകൾക്കു പാസായതോടെയാണിത്. കൺസർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചാണ് പ്രമേയം കൊണ്ടുവന്നത്.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രക്സിറ്റ് നടപടിക്രമങ്ങളിൽ പിന്നോട്ടില്ലെന്നും മുൻ നിശ്ചയപ്രകാരം തന്നെ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുമെന്നും വോട്ടെടുപ്പ് ഫലം വന്ന ശേഷം സർക്കാർ വ്യക്തമാക്കി.