കാന്റീനിൽ പുഴുവരിച്ച ഭക്ഷണം; വിദ്യാര്‍ഥികള്‍ കാര്യവട്ടം ക്യാംപസ് ഉപരോധിച്ചു

തിരുവനന്തപുരം ∙ പുഴുവരിച്ച ഭക്ഷണം വിതരണം ചെയ്ത കാന്റീന്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസ് കവാടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബുധനാഴ്ച രാത്രിയാണ് വനിതാ ഹോസ്റ്റിലിലെ കാന്റീനില്‍ പുഴുവരിച്ച ഭക്ഷണം വിളമ്പിയത്. കാന്റീൻ നടത്തിപ്പുകാര്‍ക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ക്യാംപസ് കവാടം ഉപരോധിച്ചത്. മുമ്പും ഈ കന്റീനില്‍ പഴകിയ ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും അന്ന് താക്കീത് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കാന്റീന്‍ നടത്തിപ്പുകാരെ മാറ്റുന്നതുവരെ ഭക്ഷണം കഴിക്കുന്നതിന് ബദല്‍ സംവിധാനമൊരുക്കണമെന്നും വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു.