സോളർ തട്ടിപ്പു കേസ്: സരിതയുടെ അപ്പീൽ ജില്ലാ സെഷൻസ് കോടതി തള്ളി

പത്തനംതിട്ട∙ സോളർ തട്ടിപ്പു കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വിധിച്ച ശിക്ഷയ്ക്കെതിരെ സരിത എസ്. നായർ നൽകിയ അപ്പീൽ ജില്ലാ സെഷൻസ് കോടതി തള്ളി. സോളർ തട്ടിപ്പിലെ ഏറ്റവും വലിയ തുകയുടെ കേസാണിത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേട്ട് കോടതി മൂന്നു വർഷവും മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി തട്ടിയെടുത്തെന്നാണ് കേസ്. സോളർ പ്ലാന്റ് സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം.

സരിത-ബിജു: ഒട്ടാകെ 32 കേസ്; തട്ടിയത് അഞ്ചേകാൽ കോടി

സോളാർ തട്ടിപ്പു കേസിൽ പിടിയിലായ ബിജു രാധാകൃഷ്‌ണനും സരിത എസ്. നായർക്കുമെതിരെ കേരളത്തിലാകെ 32 കേസുകൾ. 5.25 കോടി രൂപയാണ് ഈ സംഭവങ്ങളിൽ ഇവർ തട്ടിയെടുത്തത്. പരാതി ലഭിച്ചിട്ടില്ലാത്ത തട്ടിപ്പുകൾ വേറെയുമുണ്ടെന്നാണ് സൂചന. തരംപോലെ ഡോ. ബി.ആർ. നായർ, ലക്ഷ്‌മി നായർ തുടങ്ങി പല പേരിലായിരുന്നു തട്ടിപ്പ്. സോളാർ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്‌ഥാപിച്ചുനൽകാം, ടീം സോളാറിന്റെ ഫ്രാഞ്ചൈസി നൽകാം, ജോലി വാങ്ങി നൽകാം, വൻ ബിസിനസുകളിൽ പങ്കാളിയാക്കാം എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ്.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് - 11. കൊല്ലത്തു ഭാര്യ രശ്‌മിയെ കൊലപ്പെടുത്തിയതിനു ബിജുവിനെതിരെ ഉള്ളതടക്കം നാലു കേസുകളുണ്ട്. ആലപ്പുഴയിൽ ഏഴ്, ഇടുക്കിയിൽ മൂന്ന്, കോഴിക്കോട്ടും കണ്ണൂരും രണ്ടുവീതം, കോട്ടയത്തും മലപ്പുറത്തും കാസർകോട്ടും ഒന്നുവീതം എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. ഇതിൽ പലതും ഒത്തുതീർപ്പാക്കിയെന്നാണ് റിപ്പോർട്ട്.