നിയമവിദ്യാർഥിയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി∙ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഹൈക്കോടതിയിലേക്ക്. കേസിന്റെ തുടക്കം മുതൽ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

ഒന്നാം അന്വേഷണസംഘം ആർഡിഒ ഇല്ലാതെയാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ വിദ്യാർഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യിച്ചു. ഇത് വിഡിയോയിൽ പകർത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ  മൃതദേഹം ദഹിപ്പിച്ചു. വീട്ടിൽനിന്നു കരച്ചിൽ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോൾ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാൾ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. 2016 ഏപ്രിൽ 28നാണ് വിദ്യാർഥിനി കൊലപ്പെട്ടത്. പൊലീസ് അടുത്ത ദിവസം വൈകിട്ടാണു കേസ് റജിസ്റ്റർ ചെയ്തത്. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലിൽനിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്.

വിദ്യാർഥിനിയുടെ അമ്മ, മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മർദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടിൽ വന്ന പുറംനാട്ടുകാരനായ ഒാട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികൾ. കേസിൽ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശത്തിനു കാരണം തൊണ്ടിമുതൽ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്‌ഷൻ കൗൺസിൽ കൺവീനർ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായിൽ പള്ളിപ്രം, അമ്പിളി ഒാമനക്കുട്ടൻ, സുൽഫിക്കർ അലി, ഒർണ കൃഷ്ണൻകുട്ടി, ലൈല റഷീദ്  എന്നിവർ ആരോപിച്ചു.

ഭരണം മാറിയതോടെ പുതിയ അന്വേഷണ സംഘം വന്നു. എന്നാൽ ആദ്യസംഘത്തിന്റെ കൃത്രിമ തെളിവുകൾ തൊണ്ടിമുതലുകളിൽ നിന്നു നീക്കം ചെയ്യാതിരുന്നതിനാൽ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ആദ്യസംഘം കണ്ടെത്തിയ ചെരുപ്പ് തെളിവാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. ഗുരുതരമായ വീഴ്ച വരുത്തിയ ഒന്നാം അന്വേഷണ സംഘത്തിനെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. രണ്ടാം സംഘവും കേസ് അട്ടിമറിച്ചതോടെ പെൺകുട്ടിക്കു നീതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു പിതാവ് പുനരന്വേഷണത്തിനു കോടതിയെ സമീപിച്ചത്.

കേസിൽ ഹാജരാകുന്നതിന്റെ തലേദിവസം പിതാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവഴി പിതാവിനും അനുമതി ലഭിക്കാത്തതിനാൽ ആക്‌ഷൻ കൗൺസിലിനും വിചാരണക്കോടതിയിൽ തങ്ങളുടെ വാദം ഉന്നയിക്കാനായില്ല. നിലവിൽ ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിച്ച അനാറുൽ ഇസ്‍ലാം എവിടെയാണെന്നു വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസം മുതൽ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതി എവിടെയായിരുന്നുവെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നില്ല. ഈ കാലയളവിൽ അമീറിന്റെ ഉമിനീരു പൊലീസ് കൃത്രിമ തെളിവിനു വേണ്ടി ശേഖരിച്ചിരുന്നുവോയെന്നു അന്വേഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.