നീലക്കുറിഞ്ഞി ഉദ്യാന വിവാദം: മുഖ്യമന്ത്രി വീണ്ടും ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം ∙ കുറിഞ്ഞി ഉദ്യാനത്തെ കുറിച്ച് മുഖ്യമന്ത്രി വീണ്ടും ഉന്നതതലയോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ചയിലായിരിക്കും യോഗം. മൂന്നാറും കൊട്ടക്കമ്പൂരും സന്ദര്‍ശിച്ച മന്ത്രിതല സംഘത്തിലെ അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യഥാര്‍ഥ പട്ടയമുള്ള ഭൂമി, ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്തേക്കും. 

ജോയ്സ് ജോർജ് എംപിയും കുടുംബവും ഈ മേഖലയില്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ജോയ്സ് ജോര്‍ജിന്റേതുള്‍പ്പെടെ വന്‍കിട കൈയ്യേറ്റങ്ങള്‍ മന്ത്രിതല സമിതി കാണാത്ത സാഹചര്യത്തില്‍ യുഡിഎഫ് സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പിലറിയിച്ചു.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്നത്. ഈ മാസം പതിനെട്ടിന് മൂന്നാറിലെത്തുന്ന യുഡിഎഫ് നേതാക്കള്‍, അടുത്തദിവസം കൊട്ടാക്കമ്പൂരിലും വട്ടവടയിലും പോകും. ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള വന്‍കിട കയ്യേറ്റക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.