അഭിഷേക് സിംഗ്‌വിക്കെതിരെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയൻസ്

അഹമ്മദാബാദ്∙ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ റിലയൻസിന്റെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് 5000 കോടി രൂപ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് ആരോപണം.

‘പണം തിരിച്ചടക്കാനുള്ള വന്‍കിട കമ്പനികളെ സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. വന്‍കിട കമ്പനികള്‍ വായ്പയെടുത്ത 1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി. 50 വന്‍കിട കമ്പനികള്‍ 8.35 ലക്ഷം കോടി ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുണ്ട്. അതില്‍ മൂന്നെണ്ണം ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസ്സാര്‍ എന്നിവയാണ്. ഇവ മൂന്നുലക്ഷം കോടി രൂപ അടയ്ക്കാനുണ്ട്’– സിംഗ്‍വി പറഞ്ഞു.

ഈ പ്രസംഗത്തിന് എതിരെയാണ് റിലയൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിലയൻസ് വക്താവ് അറിയിച്ചു.